പ്രാദേശികം

ക്ഷേത്രങ്ങളിൽ മണ്ഡലം ചിറപ്പ് ഉത്സവം

പറവൂർ : വൃശ്ചികമാസം വന്നെത്തി. ഇനിയുള്ള 41 നാൾ ശരണമന്ത്രങ്ങളാൽ മുഖരിതമാകുന്ന ദിനങ്ങളാണ്. ക്ഷേത്രങ്ങളിൽ മണ്ഡലം ചിറപ്പ് ഉത്സവത്തിനും വ്യാഴാഴ്ച തുടക്കമാകും. പെരുവാരം മഹാദേവ ക്ഷേത്രത്തിൽ 41 ദിവസം മണ്ഡലകാല ആഘോഷമുണ്ടാകും. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രകലകളും പ്രഭാഷണങ്ങളും ഉണ്ടാകും.

അത്താഴപ്പൂജയ്ക്കുശേഷം വാരക്കഞ്ഞി വിതരണവുമുണ്ട്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 6.30-ന് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് നിർവഹിക്കും. രേണുക സുധാകറും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, അഷ്ടമിവിളക്ക് എന്നിവയുണ്ട്. അഖില ഭാരത അയ്യപ്പസേവാ സംഘം ടൗൺ ശാഖയുടെ കീഴിലുള്ള കോട്ടയ്ക്കകം ഭഗവതീക്ഷേത്രത്തിൽ പാനകപൂജ വ്യാഴാഴ്ച നടക്കും.

രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം. എട്ടിന് അയ്യപ്പഭാഗവത പാരായണം. ഒൻപതിന് നവഗ്രഹപൂജ. വൈകീട്ട് ആറിന് പീഠംവെയ്പ്, പൂജ. 7.15-ന് ദീപാരാധന, ഉടുക്കുപാട്ട്. നന്തികുളങ്ങര ചിറപ്പുറത്ത് ഭദ്രകാളി-ദുർഗാ ക്ഷേത്രത്തിൽ എല്ലാ ദിവസവും ഗണപതിഹോമം, ചിറപ്പ് എന്നിവയുണ്ടാകും. മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവം മേൽശാന്തി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ മുഖ്യ പ്രഭാഷണം നടത്തും. കൊട്ടുവള്ളിക്കാട് തറേപ്പറമ്പ് ഭദ്രകാളി ക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകീട്ട് ആറിന് ചിറപ്പ് ഉദ്ഘാടനം ഡോ. ലക്ഷ്മികുമാരി നിർവഹിക്കും.

പെരുവാരം പെരുംകുളങ്ങര കാവിൽ ചിറപ്പ് ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ദിവസവും വിശേഷാൽ പൂജകളും ഉണ്ടാകും. ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രം, പുതിയകാവ് ഭഗവതീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും ചിറപ്പ് ആഘോഷമുണ്ട്.

Leave A Comment