പറവൂർ സബ് ട്രഷറിയിൽ സെർവർ പണിമുടക്കി; പെൻഷൻ വാങ്ങാനെത്തിയവർ വലഞ്ഞു
പറവൂർ:സെർവർ പണിമുടക്കി പെൻഷൻ കാർ വലഞ്ഞു.തിങ്കളാഴ്ച രാവിലെ 9 മണി മുതലെ പറവൂർ സബ് ട്രഷറി ഓഫീസിൽ ടോക്കൺ എടുക്കാൻ പെൻഷൻകാരുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.ട്രഷറി പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ മുതലെ സെർവർ മന്ദഗതിയിലായിരുന്നു. വളരെ സമയമെടുത്ത് 30 പേർക്ക് പെൻഷൻ വിതരണം നടത്തി. സെർവർ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചതോടെ പെൻഷൻ വിതരണം താളം തെറ്റി. ട്രഷറി അധികൃതരാകട്ടെ 161 പേർക്ക് ടോക്കൺ നൽകിയ ശേഷം ടോക്കൺ വിതരണം നിർത്തിവച്ചു. പെൻഷൻ വാങ്ങാൻ ഉച്ചവരെ കാത്തിരുന്നവരിൽ പകുതിയിലേറെ പേരും നിരാശരായി മടങ്ങിപ്പോയി. സെർവർ ഉടനെ ശരിയാകുമെന്ന വിശ്വാസത്താൽ പെൻഷൻകാരിൽ പലരും ഭക്ഷണം കഴിക്കാൻ പോലും പോകാതെ കാത്തിരിപ്പു തുടർന്നു. സെർവർ തകരാറിലായത് പറവൂരിലെ മാത്രം പ്രശ്നമല്ലന്നും സംസ്ഥാനത്തെ ട്രഷറികളിലെല്ലാം ഈ അവസ്ഥ തന്നെയാണന്നാണ് ട്രഷറി അധികൃതരുടെ മറുപടി.
സാധാരണ ഗതിയിൽ ട്രഷറി അങ്കണത്തിൽ പെൻഷൻ വാങ്ങാനെത്തുന്നവർക്ക് ഇരിക്കാൻ കസേരകൾ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഇരിക്കാൻ ഇല്ലാഞ്ഞതിനാൽ വിവധ അസുഖങ്ങൾ അലട്ടുന്ന പ്രായമായവർ നിന്ന് കാല് കഴച്ച് വിഷമിക്കുന്ന അവസ്ഥയായി.ദാഹമകറ്റാൻ കുടിനീർ പോലുമില്ലാത്ത അവസ്ഥയാണ്. ട്രഷറിയിൽ എത്തുന്നവർക്ക് ശൗചാലയമില്ലാത്തതും പെൻഷൻകാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Leave A Comment