പാടശേഖരവും കോൾനിലങ്ങളും വെള്ളക്കെട്ടിൽ; വ്യാപക കൃഷിനാശം
ഇരിങ്ങാലക്കുട: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ചെമ്മണ്ട കായൽ പുളിയംപ്പാടം പാടശേഖരവും മുരിയാട് കോൾനിലങ്ങളും വെള്ളക്കെട്ടിൽ.ഞാറ് നട്ടീട്ട് ഒരാഴ്ച മാത്രം പിന്നിട്ട 500 ഏക്കറോളം വരുന്ന ചെമ്മണ്ട കായൽ പുളിയംപ്പാടം പാടശേഖരത്തിലേക്കും 250 ഏക്കറോളം വരുന്ന കോന്തിപുലം പാടശേഖരത്തിലേക്കും വെള്ളം കയറി വലിയതോടെ ഭീമമായ നഷ്ടമാണ് നെൽകർഷകർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മുരിയാട് കോൾനിലങ്ങളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കോന്തിപുലം പാലത്തിനു സമീപം കെഎൽഡിസി കനാലിൽ താത്കാലികമായി നിർമിച്ച തടയണ കരാറുകാരന്റെ നേത്യത്വത്തിൽ പൊളിച്ചുനീക്കി.
ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂർ പഞ്ചായത്തുകളിലെ അയ്യായിരത്തോളം ഏക്കർ വരുന്ന കോൾപ്പാടങ്ങളിൽ ജലസേചനത്തിനായി വെള്ളം സംഭരിക്കാനാണ് ഓരോ വർഷവും ഇവിടെ തടയണ കെട്ടുന്നത്.
ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള താത്കാലിക തടയണയുടെ നിർമാണം മുക്കാൽ ഭാഗവും പൂർത്തീകരിച്ച ഘട്ടത്തിലാണു തടയണ പൊളിച്ചുനീക്കേണ്ടി വന്നത്. നിർമാണത്തിനായി ചെലവഴിച്ച ലക്ഷങ്ങളും ഇതോടെ പാഴായി. കോന്തിപുലത്ത് സ്ഥിരം തടയണ വേണമെന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്.
സ്ഥിരം തടയണ സ്ഥാപിക്കുമെന്ന് സർക്കാർ ഏതാനും വർഷങ്ങൾക്കുമുന്‍പ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. നിർമാണത്തിനായി ടോക്കണ്‍ തുക മാത്രമേ ബജറ്റിൽ വകയിരുത്തിയിട്ടുള്ളുവെന്നും 20 ശതമാനമെങ്കിലും വകയിരുത്തിയെങ്കിൽ മാത്രമേ നിർമാണ പ്രവൃത്തികളിലേക്ക് കടക്കാൻ കഴിയുകയുള്ളുവെന്നാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
കോന്തിപുലത്ത് സ്ഥിരം തടയണ സ്ഥാപിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു, വാർഡ് കൗണ്‍സിലർ ആർച്ച അനീഷ്, സന്തോഷ് കാര്യാടൻ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
Leave A Comment