കേരളോത്സവം നടത്തിപ്പിൽ അഴിമതി ആരോപണവുമായി യുഡിഎഫ് അംഗങ്ങൾ
കാടുകുറ്റി: ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിൽ സാന്പത്തിക അഴിമതി ആരോപണവുമായി യുഡിഎഫ് അംഗങ്ങൾ രംഗത്ത്. മൈതാനം വൃത്തിയാക്കിയതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു രൂപയുടെ തട്ടിപ്പ് എൽഡിഎഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി നടത്തിയതായി അംഗങ്ങൾ ആരോപിച്ചു.
കേരളോത്സവത്തിന്റെ സംഘാടനത്തിൽ സാന്പത്തികവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തി കള്ളക്കണക്ക് ഉണ്ടാക്കിയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പഞ്ചായത്ത് കമ്മിറ്റിയിൽ കണക്ക് അവതരിപ്പിച്ചതെന്നും അതിനെതിരെ യുഡിഎഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകിയതായും പാർലിമെന്ററി പാർട്ടി ലീഡർ മോളി തോമസ് പറഞ്ഞു.
കണക്കുകളിൽ സുതാര്യത വേണമെന്നും കൃത്യതയാർന്ന കണക്ക് അവതരിപ്പിക്കാൻ തയ്യാറാകണമെന്നും മോളി തോമസ് ആവശ്യപ്പെട്ടു.കൃത്രിമം നടത്തിയ സംഘാടകസമിതി ഭാരവാഹികൾക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി സാന്പത്തിക കുറ്റത്തിനു കേസെടുക്കണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് വകുപ്പ് മേലധികാരികൾക്ക് രേഖാമൂലം പരാതി നൽകാൻ തീരുമാനിച്ചതായും യുഡിഎഫ് അംഗങ്ങളായ മോളി തോമസ്, മേഴ്സി ഫ്രാൻസീസ്, ഡെയ്സി ഫ്രാൻസീസ്, കെ.സി.മനോജ്, ലിജി അനിൽകുമാർ, ജീജ സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
Leave A Comment