ഇതെത്ര കാലമായി റോഡിങ്ങനെ, നടുവത്ര റോഡിന് ശാപമോക്ഷമായില്ല
വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജങ്ഷനിൽനിന്നുള്ള നടുവത്ര - ചിറക്കെട്ട് റോഡ് തകർന്ന് വർഷങ്ങളായിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി. പൂമംഗലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററിലധികം വരുന്ന റോഡാണിത്. പഞ്ചായത്ത് അധികൃതർക്ക് നിരവധിതവണ നിവേദനം നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
എകദേശം 14 വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റീടാർ ചെയ്തതിൽ പിന്നെ ഒരു മെയിന്റനൻസ് പോലും ഇതുവരെ നടത്തിയിട്ടില്ല. നടുവത്ര ഹരിജൻ കോളനിയും നിരവധി വീടുകളും കൃഷി സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം.
ഈ വിഷയത്തിൽ നിരവധി തവണ പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തി പഞ്ചായത്തിന് നിവേദനം നൽകിയിട്ടുള്ളതും കൂടാതെ മെന്പർമാർ അവരുടെ ഭാഗത്തു നിന്നും ഇതിനു വേണ്ടി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തിട്ടും നടപടികൾ ഒന്നും എടുക്കുന്നില്ലെന്ന് പറയുന്നു.
ഈ വിഷയത്തിനു പരിഹാരം കാണുന്നതിന് വേണ്ടി വെള്ളാങ്കല്ലൂർ മണ്ഡലം കോണ്‍ഗ്രസ്് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
അതിനിടെ, റോഡുപണിക്കായി ജില്ലാ പഞ്ചായത്ത് 10 ലക്ഷവും വെള്ളാങ്ങല്ലൂർ പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് മൂന്നുലക്ഷവും അനുവദിച്ചതായും പണിയുമായി ബന്ധപ്പെട്ട് സാങ്കേതികാനുമതി ലഭിച്ചതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Leave A Comment