ദേശീയം

താരിഖ്‌ അൻവറിനെ മാറ്റി, ദീപാ ദാസ് മുൻഷിക്ക് കേരളത്തിന്റെ ചുമതല; എഐസിസിയിൽ അഴിച്ചുപണി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളുടെ നേതൃതലത്തില്‍ അഴിച്ചുപണിയുമായി കോണ്‍ഗ്രസ്.ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ദേശീയ സഖ്യ സമിതി യോഗത്തിലാണ് തീരുമാനം. 12 ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ 11 സംസ്ഥാനഭാരവാഹികളെയും നിയമിച്ചിട്ടുണ്ട്.

നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവന ശ്രമമായാണ് പുതിയ സംഘടനാമാറ്റം  വിലയിരുത്തപ്പെടുന്നത്.മല്ലികാര്‍ജുന്‍ ഖാര്‍ഗെ എ.ഐ.സി.സി. അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷം പുതിയ വര്‍ക്കിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ചുമതലാ മാറ്റവും.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പ്രിയങ്കാഗാന്ധിയെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍ നിന്നൊഴിവാക്കുകയും അവിനാശ് പാണ്ഡെയെ പകരം നിയമിക്കുകയും ചെയ്തു. സച്ചിന്‍ പൈലറ്റിനെ ഛത്തീസ്ഗഢിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക്കിന് ഗുജറാത്തിന്റെ ചുമതലയും രണ്‍ദീപ് സിങ് സുര്‍ജേവാലെയ്ക്ക് കര്‍ണാടകയുടെ ചുമതലയും നല്‍കി.

വര്‍ക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കിയതും കേരളത്തിന്റെ ചുമതലയില്‍ നിന്ന് താരിഖ് അന്‍വറിനെ മാറ്റിയതും ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടുള്ള നീക്കങ്ങളാണ്. ദീപാ ദാസ് മുന്‍ഷിക്കാണ് കേരളത്തിന്റെ ചുമതല.

സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെസി വേണുഗോപാലും , ട്രഷററായി മുതിര്‍ന്ന നേതാവ് അജയ് മാക്കനും തുടരും.

Leave A Comment