ദേശീയം

ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ എല്ലാ മുഗള്‍ പേരുകളും നീക്കംചെയ്യും- സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഗളന്‍മാരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി അവയുടെ പേരുകള്‍ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. രാഷ്ട്രപതി ഭവനിലെ 'മുഗള്‍ ഗാര്‍ഡന്‍സ്' ഉള്‍പ്പെടെയുള്ള പൂന്തോട്ടങ്ങളുടെ പേര് 'അമൃത് ഉദ്യാന്‍' എന്നാക്കി മാറ്റിയതിന് പിന്നാലെയാണ് സുവേന്ദു അധികാരിയുടെ പ്രതികരണം.

'മുഗളന്‍മാര്‍ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അവരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി പുനര്‍നാമകരണം ചെയ്യണം. ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാള്‍ ഒരാഴ്ചയ്ക്കകം എല്ലാ ബ്രിട്ടീഷ്, മുഗള്‍ പേരുകളും നീക്കം ചെയ്യും' - സുവേന്ദു അധികാരിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിന്റെ പേരുമാറ്റിയതെന്നാണ് ശനിയാഴ്ച രാഷ്ട്രപതി ഭവന്‍ അറിയിച്ചത്. രാഷ്ട്രപതിഭവന് പുറത്ത് ചര്‍ച്ച് റോഡില്‍ സ്ഥാപിച്ചിരുന്ന 'മുഗള്‍ ഗാര്‍ഡന്‍' എന്നെഴുതിയ ദിശാ ബോര്‍ഡ് മാറ്റി 'അമൃത് ഉദ്യാന്‍' എന്നെഴുതിയ പുതിയ ബോര്‍ഡ് കഴിഞ്ഞദിവസം തന്നെ സ്ഥപിക്കുകയും ചെയ്തിരുന്നു.

Leave A Comment