ദേശീയം

'മോശമായി പെരുമാറി'; ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ബിബിസി ലേഖനം

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയക്ക് പിന്നാലെ ഐടി ഉദ്യോഗസ്ഥര്‍ക്കും പൊലീസിനുമെതിരെ ആരോപണവുമായി ബിബിസി ഹിന്ദിയില്‍ ലേഖനം. ഐ ടി പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല എന്ന് ലേഖനത്തിലൂടെ ബിബിസി ആരോപിച്ചു. ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസും മോശമായി പെരുമാറിയെന്ന പരാതിയും ബിബിസി ഉന്നയിക്കുന്നുണ്ട്.

 ചോദ്യങ്ങള്‍ക്കെല്ലാം ജീവനക്കാര്‍ മറുപടി നല്‍കിയെന്നും ബിബിസി വ്യക്തമാക്കി. എന്നാല്‍ ബിബിസി ജീവനക്കാരുടെ ജോലി തടസപ്പെടുത്താതെയാണ് സര്‍വെ നടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. മൂന്ന് ദിവസമാണ് രാത്രി ഉള്‍പ്പെടെ ബിസിസി ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്.

 നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത്. ഡല്‍ഹിയില്‍ 60 മണിക്കൂറും മുംബൈയില്‍ 55 മണിക്കൂറുമാണ് സര്‍വേ നടത്തിയത്. ബിബിസി ഓഫീസില്‍ നിന്ന് നിരവധി രേഖകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡ്രൈവുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Leave A Comment