ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമർപ്പിച്ചു; പോക്സോ റദ്ദാക്കണമെന്ന് ഡൽഹി പോലീസ്
ന്യൂഡൽഹി: വനിതാ ഗുസ്തിതാരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിംഗിനെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 354, 354 എ, 354 ഡി വകുപ്പുകളാണ് ബിജെപി എംപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യവും പോലീസ് കോടതിയിൽ സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തിതാരം ബ്രിജ് ഭൂഷണിനെതിരെ നൽകിയ പരാതി പിൻവലിച്ച സാഹചര്യത്തിൽ പോക്സോ കേസ് റദ്ദ് ചെയ്യണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരയുടെ പിതാവിന്റെയും ഇരയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ അഭ്യർഥിച്ച് 173 സിആർപിസി പ്രകാരം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പോലീസ് അറിയിച്ചു.
ഈ മാസം പതിനഞ്ചാം തിയതിക്ക് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഗുസ്തിതാരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. കേന്ദ്രത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഗുസ്തിതാരങ്ങൾ താൽക്കാലികമായി സമരം പിൻവലിക്കുകയും ചെയ്തിരുന്നു.
Leave A Comment