'പഴയ വീഞ്ഞ് പഴയ കുപ്പിയിൽ'; പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കെതിരെ അമിത് ഷാ
ഗാന്ധിനഗർ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ സഖ്യത്തെ "പഴയ കുപ്പിയിലെ പഴയ വീഞ്ഞ്' എന്ന് ഉപമിച്ച അമിത് ഷാ, 12 ലക്ഷം കോടി രൂപയുടെ അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം നേതാക്കളാണ് സഖ്യത്തിലെന്നും ആരോപിച്ചു.പ്രതിപക്ഷമായ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച ഷാ, അതിന്റെ ഭരണകാലത്ത് ഇന്ത്യയുടെ സന്പദ്വ്യവസ്ഥ ലോകത്തിലെ 11-ാം റാങ്കിന് അപ്പുറത്തേക്ക് പോയിട്ടില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയടിക്ക് അതിനെ അഞ്ചാം സ്ഥാനത്തെത്തിച്ചെന്നും ഷാ പറഞ്ഞു.
12 ലക്ഷം കോടി രൂപയുടെ അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം നേതാക്കളാണ് യുപിഎയിലും കോണ്‍ഗ്രസിലും. അവർ ഇപ്പോൾ പേര് മാറ്റി, അല്ലേ? എന്നാൽ നിങ്ങൾ അവരെ യുപിഎ എന്ന് വിളിക്കണമെന്നും അമിത് ഷാ പറഞ്ഞു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന ചൊല്ല് നിങ്ങൾ കേട്ടിട്ടില്ലേ. എന്നാൽ ഇവിടെ കുപ്പിയും വീഞ്ഞും പഴയതാണ്. അതുകൊണ്ട് ചതിക്കപ്പെടരുത്. മോദിയുടെ നേതൃത്വത്തിൽ ബിജെപി ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അമിത് ഷാ പറഞ്ഞു.
നമ്മളിൽ പലരും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം കണ്ടിട്ടില്ല. രാജ്യത്തിനുവേണ്ടി മരിക്കാനുള്ള അവസരം ലഭിച്ചിട്ടുമില്ല. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കുമായിരുന്നുവെന്ന് പലരും പറയാറുണ്ട്. എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കേണ്ടതില്ല. രാജ്യത്തിനു വേണ്ടി ജീവിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
Leave A Comment