'കോൺഗ്രസിനെ നയിക്കുന്നത് അർബൻ നക്സലുകൾ'; ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: പ്രതിപക്ഷത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുരുമ്പ് പിടിച്ച ഇരുമ്പിന് സമാനമാണ് കോണ്‍ഗ്രസ്. അവര്‍ അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശ് രോഗാവസ്ഥയിലെത്തും. വനിതാ സംവരണ ബില്ലിനെ കോൺഗ്രസ് പിന്തുണച്ചത് താൽപ്പര്യമില്ലാതെയാണെന്നും വിമർശനം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ജംബോരി ഗ്രൗണ്ടിൽ ബിജെപി സംഘടിപ്പിച്ച ‘കാര്യകർത്താ മഹാകുംഭ്’ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.രാജ്യത്തിൻ്റെ പൈതൃകത്തെയും സനാതനത്തെയും തകർക്കാനാണ് കോൺഗ്രസും അതിന്റെ ധിക്കാരികളായ സഖ്യവും ആഗ്രഹിക്കുന്നത്. ഇത്തരം പാർട്ടികളോട് അതീവ ജാഗ്രത പുലർത്തേണ്ടിവരും. അവരുടെ ഉദ്ദേശം തെറ്റാണ്. അവർക്ക് ഒരവസരം ലഭിച്ചുകഴിഞ്ഞാൽ, ഘമാണ്ഡിയ സഖ്യം അമ്മമാരെയും സഹോദരിമാരെയും ഒറ്റിക്കൊടുക്കും. കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നത് അർബൻ നക്സലുകളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘കോൺഗ്രസ് ഇപ്പോഴും പഴയ രീതിയും പഴയ മാനസികാവസ്ഥയുമാണ് പിന്തുടരുന്നത്. വെള്ളിക്കരണ്ടിയുമായി ജനിച്ച അവരുടെ നേതാക്കൾക്ക് പാവപ്പെട്ടവന്റെ ജീവൻ പ്രശ്നമല്ല. പാവപ്പെട്ട കർഷകന്റെ കൃഷിയിടം കോൺഗ്രസിന് ഫോട്ടോ സെഷന് വേണ്ടിയുള്ളതാണ്. അവർ പണ്ടും അതുതന്നെ ചെയ്തു, ഇന്നും ചെയ്യുന്നു…’- മോദി പറഞ്ഞു. മധ്യപ്രദേശിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത്തരമൊരു സുപ്രധാന വേളയിൽ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തി പ്രീണന രാഷ്ട്രീയം നടത്തുന്ന കോൺഗ്രസിന് ചെറിയൊരു അവസരം പോലും ലഭിച്ചാൽ മധ്യപ്രദേശിന് വലിയ നഷ്ടമാണ് ഉണ്ടാകുക. മധ്യപ്രദേശിലെ കോൺഗ്രസ് ഭരണത്തിന്റെ മുഖമുദ്ര മോശം ഭരണവും കോടികളുടെ അഴിമതിയുമാണ്. സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് മധ്യപ്രദേശിനെ രോഗാവാസ്ഥയിലാക്കി. ഇനി ഒരവസരംകൂടി അവര്‍ക്ക് ലഭിച്ചാല്‍ സമാനമായ സാഹചര്യമാകും. മധ്യപ്രദേശില്‍ ആദ്യമായി വോട്ടുചെയ്യാന്‍ എത്തുന്നവര്‍ ഭാഗ്യവാന്‍മാരാണെന്നും മോദി.
Leave A Comment