ദേശീയം

'രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ 2000 രൂപ’; ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരം രൂപയുടെ രസീത് പങ്കുവച്ചുകൊണ്ട് തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രി സംഭാവന അഭ്യർത്ഥിച്ചത്. രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നൽകാനാണ് ആഹ്വാനം.

‘ബിജെപിക്ക് സംഭാവന നൽകുന്നതിലും വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തുപകരുന്നതിലും എനിക്ക് സന്തോഷമുണ്ട്. രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നൽകാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’- മോദി കുറിച്ചു. 2000 രൂപ സംഭാവന നൽകിയ രസീതിന്റെ ചിത്രം സഹിതമാണ് മോദിയുടെ ട്വീറ്റ്.


കഴിഞ്ഞ മാസം ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി വിധി വന്നിരുന്നു. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിനു പിന്നാലെയാണ് പൊതുജനങ്ങളിൽ നിന്ന് പ്രധാനമന്ത്രി സംഭാവന അഭ്യർത്ഥിച്ചത്.

Leave A Comment