ദേശീയം

മു‍സ്‍ലിം വ്യക്തിനിയമ പ്രകാരം മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹമാകാം; ബോംബെ ഹൈക്കോടതി

മുംബൈ: മു‍സ്‍ലിം വ്യക്തിനിയമ പ്രകാരം ഒന്നിലധികം വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിന് മു‍സ്‍ലിം പുരുഷന് തടസമില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. മൂന്നാം വിവാഹത്തിനുള്ള റജിസ്ട്രേഷന്‍ നിരസിച്ച മഹാരാഷ്ട്രയിലെ താനെ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍റെ നടപടിക്ക് എതിരെയുള്ള ഹര്‍ജിയില്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ് 

അള്‍ജീരിയന്‍ പൗരത്വമുള്ള യുവതിയുമായുള്ള തന്‍റെ മൂന്നാം വിവാഹത്തിന്‍റെ രജിസ്ട്രേഷനാണ് ഈ വ്യക്തി കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇത്തരത്തിലുള്ള റജിസ്ട്രേഷന്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും മതിയായ രേഖകള്‍ ഇല്ലെന്നും പറഞ്ഞ് അധികൃതര്‍ അപേക്ഷ നിരസിച്ചു. ഈ വ്യക്തി ഇതേ കോര്‍പറേഷനില്‍ തന്നെ മൊറോക്കന്‍ പൗരത്വമുള്ള യുവതിയുമായി രണ്ടാം വിവാഹം രജിസ്റ്റർ  ചെയ്തിരുന്നെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 

മുസ്‍ലിം പുരുഷന്‍മാര്‍ക്ക് ഒരേസമയം നാല് ഭാര്യമാര്‍ വരെ സ്വീകാര്യമാണെന്ന് മുസ്‍ലിം വ്യക്തി നിയമത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് കോര്‍പറേഷന്‍റെ നടപടി നിയമത്തിന്‍റെ ലംഘനമാണെന്ന് വിധിച്ചു. ഒപ്പം 1998ലെ മഹാരാഷ്ട്ര റെഗുലേഷന്‍ ഓഫ് മാരേജ് ബ്യൂറോസ് ആന്‍ഡ് റജിസ്ട്രേഷന്‍ ഓഫ് മാരേജസ് ആക്ടിലും മുസ്‍ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലധികം വിവാഹം ആകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ ഹിയറിങ് നടത്തി പത്ത് ദിവസത്തിനകം റജിസ്ട്രേഷന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് ബി.പി.കൊളാബവല്ല, ജസ്റ്റിസ് സോമശേഖര്‍ സുന്ദരേശന്‍ എന്നിവരുടെ ബെഞ്ച് വിധിച്ചു. 

അപേക്ഷ നിരസിച്ചാല്‍ റജിസ്ട്രാര്‍ ജനറലിന് പുനപരിശോധനാ അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. പങ്കാളിയുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്നും റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും വരെ അള്‍ജീരിയന്‍ സ്വദേശിയായ വനിതയെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ നീക്കം ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.   

Leave A Comment