"ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവല്ല'': സുപ്രീം കോടതി
ന്യൂഡൽഹി: ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിലപാടാണ് ശരിയെന്നും ആധാർ കാർഡിൽ പരിശോധന വേണമെന്നും വാക്കാൽ കോടതി പരാമർശിച്ചു.വിവിധ സേവനങ്ങൾക്കുള്ള തെരഞ്ഞെടുപ്പ് രേഖയാണ് ആധാർ കാർഡ്, എന്നാലത് പൗരത്വം തെളിയിക്കാനുള്ള അടിസ്ഥാന രേഖയാവില്ല. അതിനാൽ തന്നെ ഈ രേഖകളിൽ കൃത്യമായ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ പരാമർശം. സൂക്ഷ്മ പരിഷ്ക്കരണം നിയമവിരുദ്ധമല്ലാത്ത പക്ഷം തടസം നിൽക്കാനാവില്ല. വോട്ടർ പട്ടികയിൽ നിന്നും അനധികൃതമായി ഒഴിവാക്കപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ പൗരത്വം നൽകാനുള്ള ഏജൻസിയാക്കരുതെന്നും വാദം ഉയർന്നു. കേസിൽ ബുധനാഴ്ചയും വാദം തുടരും.നിയമവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടാൽ, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) സെപ്റ്റംബർ വരെ മാറ്റിവയ്ക്കാമെന്ന് സുപ്രീം കോടതി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വോട്ടർ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി വിഷയത്തിൽ നിലപാട് അറിയിച്ചത്.
വാദം കേൾക്കുന്നതിനിടെ, പൗരത്വം തെളിയിക്കുന്ന രേഖകൾ (ആധാറും സ്വന്തം ഐഡി കാർഡും ഒഴികെ) ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. പൗരത്വം സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും ഹർജിക്കാർ വാദിച്ചു. പൗരത്വം കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
Leave A Comment