മസ്കിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ ഏറ്റെടുത്ത അമേരിക്കൻ വ്യവസായി ഇലോണ്‍ മസ്കിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഇനി ട്വിറ്റർ നടപടി എടുക്കുമെന്നും ശക്തമായി വസ്തുതാ പരിശോധന നടത്തുമെന്നും രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു.
ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ട്വിറ്റർ ഇനി വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പ്രവർത്തിക്കും, കൂടുതൽ ശക്തമായി വസ്തുതാ പരിശോധന (ഫാക്ട് ചെക്ക്) നടത്തും, സർക്കാർ സമ്മർദ്ദം മൂലം ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദത്തെ ഇനി തടയില്ല- രാഹുൽ ട്വീറ്റ് ചെയ്തു.
ലൈംഗീക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രം പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി പൂട്ടിയിരുന്നു. അതിനുശേഷം കുറച്ചുകാലമായി അദ്ദേഹം ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചിരുന്നില്ല.
ഫോളോവേഴ്സിന്റെ എണ്ണം കുറച്ച് ട്വിറ്റര്‍ തന്റെ അക്കൗണ്ടില്‍ കൃത്രിമം കാണിച്ചുവെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപണമുയര്‍ത്തിയിരുന്നു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി രാഹുല്‍ പരാഗ് അഗര്‍വാളിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്.
Leave A Comment