ദേശീയം

തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്‍ ശബ്ദരേഖ പുറത്തുവിട്ട് ടിആര്‍എസ്

ഹൈദരാബാദ് : എംഎല്‍എമാരെ പണം കൊടുത്ത് വാങ്ങാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തെലങ്കാന രാഷ്ട്രസമിതി തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടു. ശബ്ദരേഖയില്‍ ചില ഡീലുകളെക്കുറിച്ച് പരാമര്‍ശമുണ്ട്. ബിജെപി സംഘടനാ ചുമതലയുള്ള ബിഎല്‍ സന്തോഷുമായി സംസാരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. ഏജന്റുമായി സംസാരിക്കുന്ന ശബ്ദരേഖയെന്നാണ് ടിആര്‍എസിന്റെ അവകാശവാദം.

 ബിഎല്‍ സന്തോഷുമായി സംസാരിച്ച ശേഷം ഒരു തിയതി അറിയിക്കാമെന്നാണ് പുറത്തുവന്ന ഓഡിയോയിലുള്ളത്. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് പറയുന്നതായും ഓഡിയോയിലുണ്ട്. മലയാളത്തിലും സംസാരിക്കുന്നതായി പുറത്തുവന്ന ഓഡിയോയിലുണ്ട്. നാല് എംഎല്‍എമാരെ പണം നല്‍കി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമമെന്നാണ് ടിആര്‍എസിന്റെ ആരോപണം.

 കഴിഞ്ഞ ദിവസമാണ് എംഎല്‍എമാരായ രാഗകന്ദറാവു, ഗുവാല ബാലരാജു,ബീരം ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെ ഫാം ഹൗസില്‍ ബിജെപി ഏജന്റുമാരെന്ന് ടിആര്‍എസ് ആരോപിക്കുന്നവര്‍ കണ്ടത്. എംഎല്‍എമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈദരാബാദ് പൊലീസെത്തി ഏജന്റുമാരായ നന്ദകുമാര്‍, സ്വാമി രാമചന്ദ്രഭാരതി, സിംഹയാജിഎന്നിവരെ പിടികൂടിയത്. ഇവരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും പിടിച്ചെടുത്തിരുന്നു.

Leave A Comment