ഭൂതകാലക്കുളിരിൽ അഭിരമിക്കരുത്: കോൺഗ്രസിന് രാഹുലിന്റെ ഉപദേശം
ന്യൂഡൽഹി: ഭൂതകാലക്കുളിരിൽ അഭിരമിക്കരുതെന്ന് പാർട്ടി പ്രവർത്തകരോട് രാഹുൽ ഗാന്ധി. നെഹ്റുവും രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും രാജ്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാ യോഗങ്ങളിലും ആവർത്തിക്കേണ്ടതില്ലെന്നും രാഹുൽ പറഞ്ഞു. രാജസ്ഥാനിലെ സവായ് മധോപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിക്കൊപ്പം തന്റെ പേര് ചേർത്തുപറയരുതെന്നും രാഹുൽ കർശന നിർദേശം നൽകി. റാലിയിൽ രാജസ്ഥാൻ മുൻമന്ത്രിയും മുതിർന്ന നേതാവുമായ ഗോവിന്ദ് സിംഗ് ദൊതസ്ര രാഹുൽ ഗാന്ധിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗത്തിൽ രാഹുൽ പ്രതികരിച്ചത്.
മഹാത്മാഗാന്ധിയോട് തന്നെ താരതമ്യം ചെയ്യരുത്. ഇത് തികച്ചും തെറ്റായ കാര്യമാണ്. അദ്ദേഹത്തിന്റെ സ്ഥാനം എത്രയോ മുകളിലാണ്. താരതമ്യം പാടില്ല. അദ്ദേഹം ഒരു കുലീനനായിരുന്നു. സ്വാതന്ത്ര്യ സമരത്തിനായി ജീവിതം മുഴുവൻ ബലിയർപ്പിച്ച അദ്ദേഹം 10-12 വർഷം ജയിലിൽ കിടന്നു.
അദ്ദേഹത്തിന്റെ ഷൂ തുടയ്ക്കാൻപോലും യോഗ്യതയില്ല. അദ്ദേഹത്തിന്റെ പേരിനൊപ്പം തന്റെ പേര് ചേർത്ത് പറയരുത്- രാഹുൽ പറഞ്ഞു.
രണ്ടാമത് പറയാൻ ആഗ്രഹിക്കുന്നത് അൽപ്പം കടുപ്പമുള്ള കാര്യമാണ്. രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കൾ രാജ്യത്തനായി മഹത്തായ കാര്യങ്ങൾ ചെയ്തു. അവർ രക്തസാക്ഷികളായി. എന്നാൽ കോൺഗ്രസുകാർ എല്ലാ യോഗത്തിലും ഇത് പരാമർശിക്കേണ്ടതില്ല.
രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും സർദാർ പട്ടേലും ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും രാജ്യത്തിന് വേണ്ടി ചെയ്തത് അവർ ചെയ്തു കഴിഞ്ഞു. ഇനി നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ജനങ്ങൾക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യയുടെ സമ്പത്തിന്റെ പകുതിയും 100 പേരുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ 100 പേർക്കുവേണ്ടിയാണ് രാജ്യം പ്രവർത്തിക്കുന്നത്. ഈ 100 പേരിൽ നാലഞ്ച് പേർ മഹാരാജാക്കന്മാരാണ്. കാരണം രാജ്യത്തിന്റെ ഓരോ സ്ഥാപനവും അവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അവർക്കുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രവർത്തിക്കുന്നത്- രാഹുൽ ഗാന്ധി ആരോപിച്ചു.
Leave A Comment