ദേശീയം

പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം; സ്പീക്കർക്കെതിരേ അവിശ്വാസ നീക്കം

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.

ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്കുന്നത്.

ഇന്ത്യാ സഖ്യം യോ​ഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.

Leave A Comment