ദേശീയം

ഇന്ത്യ ഹനുമാന്‍റെ ശക്തിപോലെ, ബിജെപി രാവും പകലും പണിയെടുക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയെ അഴിമതിയിൽനിന്നും സ്വജനപക്ഷപാതത്തിൽനിന്നും മോചിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കും കുറ്റകൃത്യങ്ങൾക്കും എതിരേ പോരാടാൻ ബിജെപിക്ക് ഭഗവാൻ ഹനുമാനിൽനിന്ന് പ്രചോദനം ലഭിക്കുന്നതായും പാർട്ടിയുടെ 44-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യക്കായി രാവും പകലും ബിജെപി പ്രവർത്തിക്കുകയാണ്. ഇന്ന് ഇന്ത്യ ഹനുമാന്‍റെ ശക്തിപോലെ അതിന്‍റെ സാധ്യതകൾ തിരിച്ചറിയുന്നു. ഹനുമാൻ അസുരന്മാരോട് പോരാടുന്ന രീതിയിൽ, അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുറ്റകൃത്യത്തിനുമെതിരേ ബിജെപി പ്രവർത്തകർ യുദ്ധം ചെയ്യുകയാണ്. രാഷ്ട്രത്തിനായുള്ള നിസ്വാർഥ സേവനം ഭഗവാൻ ഹനുമാന്‍റെ മറ്റൊരു പുണ്യമാണ്.

അസാധ്യമെന്ന വാക്ക് ബിജെപിക്ക് മുന്നിലില്ല. സമുദ്രസമാനമായ വലിയ വെല്ലുവിളികൾ നേരിടാൻ ബിജെപി ഭരണത്തിൻ കീഴിൽ ഇന്ത്യ ഉയർന്നിരിക്കുന്നു. കുടുംബാധിപത്യവും അഴിമതിയും വച്ചുപൊറുപ്പിക്കില്ല.

സാമൂഹികനീതിക്കെന്ന പേരിൽ ചില പാർട്ടികൾ രാജ്യത്ത് നാടകം കളിക്കുകയാണ്. സൗജന്യ റേഷൻ പദ്ധതിയും മറ്റ് ക്ഷേമ നടപടികളും ബിജെപിയുടെ വിശ്വാസത്തിന്‍റെ ഭാഗമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോൺഗ്രസിനെതിരേയും മോദി ആഞ്ഞടിച്ചു. കോൺഗ്രസിന്‍റെ സ്വത്വം രാജവംശവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. എന്നാൽ ബിജെപിയുടെ പാരമ്പര്യം രാഷ്ട്രീയ സംസ്കാരം ഉൾക്കൊള്ളുന്നതാണ്. ജമ്മു കാഷ്മീരിന്‍റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞത് വലിയ ചരിത്രമാകുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ കരുതിയിരുന്നില്ല.

ബിജെപി ചെയ്യുന്ന പ്രവർത്തികൾ പ്രതിപക്ഷത്തിന് ദഹിക്കാനാവില്ല. "രാഷ്ട്രം ആദ്യം' എന്ന മന്ത്രമാണ് ബിജെപിയുടെ മുദ്രാവാക്യം. സബ്കാ സത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) എന്ന മന്ത്രവുമായാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave A Comment