മണിപ്പൂരില്‍ കലാപം രൂക്ഷം; സൈന്യത്തെ വിന്യസിച്ചു
ഇംഫാല്‍: മെയ്‌തേയി സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കിയതിനെ ചൊല്ലി സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലെ സംഘര്‍ഷബാധിത മേഖലകളില്‍ സൈന്യത്തെ വിന്യസിച്ചു. കലാപമേഖലകളില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സൈന്യവും അസം റൈഫിള്‍സും ചേര്‍ന്ന് ഫ്ലാഗ് മാര്‍ച്ച് നടത്തി.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ചു ദിവസത്തേയ്ക്ക് ഇന്‍റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ബുധനാഴ്ച രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 75000ല്‍ അധികം പേരെ ഇതുവരെ ആര്‍മി ക്യാമ്പുകളിലേയ്ക്ക് മാറ്റി.
സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തെ ഗോത്രവര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തത്. ഇതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍റെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന പ്രതിഷേധ റാലിക്കിടെ അക്രമമുണ്ടായി.
സംഘര്‍ഷം പരിഹരിക്കാന്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ബോക്‌സിംഗ് താരം മേരി കോം രംഗത്തുവന്നിരുന്നു. തന്‍റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്, ദയവായി സഹായിക്കൂ എന്ന് മേരി കോം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
അതേസമയം സംഘര്‍ഷത്തില്‍ മരണം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍സിംഗ് സ്ഥിരീകരിച്ചു.
Leave A Comment