ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി; അമ്മയും മകനും അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ശ്രദ്ധ മോഡല്‍ കൊലപാതകം. ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി പാണ്ടവ് നഗറില്‍ താമസിക്കുന്ന അഞ്ജന്ദാസാണ് കൊല്ലപ്പെട്ടത്. പൂനം, മകന് ദീപക് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് പാണ്ടവ് നഗര്‍ പ്രദേശത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. അന്ന് നടന്ന അന്വേഷണത്തില്‍ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് ശ്രദ്ധ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മൃതദേഹം ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താന്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

കഴിഞ്ഞ മെയ് 30നാണ് ക്രൂരമായ കൊലപാതകം നടന്നത്. മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്കിയ ശേഷം കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പത്ത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം പിന്നീട് ഉപേക്ഷിക്കുകയായിരുന്നെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
മൃതദേഹാവശിഷ്ടങ്ങള്‍ സഞ്ചിയിലാക്കി ഇവര്‍ കളയാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭർത്താവ് മരിച്ച ശേഷം 2017ലാണ് പൂനം ഇയാളെ വിവാഹം കഴിച്ചത്. ബീഹാര്‍ സ്വദേശിയായ മറ്റൊരു സ്ത്രീയെ ഇയാള്‍ നേരത്തെ വിവാഹം ചെയ്തെന്നും ഇവര്‍ക്ക് കുട്ടികളുണ്ടെന്നും ഇവര്‍ അടുത്തയിടെ മനസിലാക്കിയിരുന്നു.
പൂനത്തിന്റെ ആഭരണം വിറ്റ് ആദ്യ ഭാര്യയ്ക്ക് ഇയാള്‍ പണം നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
Leave A Comment