'ഭയമെങ്കിൽ അത് പറ!'; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനായില്ലെങ്കിൽ ഭാരത് ജോഡോ യാത്ര നിർത്തണമെന്ന കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യയുടെ കത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഭാരത് ജോഡോ
യാത്രയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് ഇതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. രാജ്യത്ത് എവിടെയുമില്ലാത്ത നിയന്ത്രണം പദയാത്രയിൽ മാത്രം ഏർപ്പെടുത്താൻ നോക്കിയാൽ അനുവദിച്ച് കൊടുക്കില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
നേതാക്കളുടെ പ്രതികരണം
ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണത്തിൽ മോദി സർക്കാർ ഭയന്നതാണ് കത്തിന്റ കാരണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി സംഘടിപ്പിച്ച യാത്രകൾക്ക് നിയന്ത്രണങ്ങൾ ബാധകമായിരുന്നോ എന്ന് രാജസ്ഥാൻ കോണ്ഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു.
കോവിഡ് കാലത്താണ് ബിജെപി സർക്കാർ ആസാം, യുപി, ബംഗാൾ തെരഞ്ഞെടുപ്പുകൾ നടത്തിയത്. എന്നാൽ, ഇന്നതല്ല സ്ഥിതിയെന്നും യാത്ര മുടക്കുന്നതിന് കേന്ദ്രം കാരണങ്ങൾ തേടുകയാണെന്നും ഇത് അനുവദിച്ചു കൊടുക്കില്ലെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ അറിയിച്ചു.
അതേസമയം, ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത നിരവധി കോണ്ഗ്രസ് പ്രവർത്തകർ കോവിഡ് ബാധിതരായിരുന്നുവെന്ന് രാജസ്ഥാനിലെ ബിജെപി എംപിമാർ പറഞ്ഞിരുന്നു.
Leave A Comment