ദേശീയം

എക്കാലത്തെയും മികച്ച 50 താരങ്ങള്‍; ഇന്ത്യയിൽ നിന്ന് ഷാരൂഖ് ഖാൻ മാത്രം

എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ഷാരൂഖ് ഖാനും.ഡെന്‍സല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്സ് ഉള്‍പ്പെടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികള്‍ക്കൊപ്പം എംപയർ ബ്രിട്ടീഷ് മാഗസിന്‍റെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് ഷാരൂഖ് ഖാന്‍.

നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തില്‍, ഷാരൂഖ് ഖാന് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെന്ന് മാഗസിനിലെ പ്രൊഫൈല്‍ പറയുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്‍’ റിലീസിന് ഒരുങ്ങുകയാണ്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഷാരൂഖ് ഖാന്‍ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ‘ജവാന്‍’ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കുറിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഞാന്‍ ഒരു ഷാരൂഖ് ഖാന്‍ ഫാന്‍ അല്ലെന്നും എന്നാല്‍ പ്രശസ്ത ബ്രിട്ടീഷ് മാഗസിന്‍ ” എമ്ബയര്‍ ” – ന്റെ പട്ടികയില്‍ മികച്ച 50 അഭിനേതാക്കളില്‍ ഒരാളായി ഷാരൂഖ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമെന്നും ശിവന്‍ കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

“ഒരു ഷാറൂഖ് ഖാന്‍ ‘ഫാന്‍’ അല്ല ഞാന്‍. ഷാറൂഖിനേക്കാള്‍ ഇഷ്ടപ്പെടുന്ന അഭിനേതാക്കള്‍ ഉണ്ട് താനും. എന്നാല്‍ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിന്‍ “എമ്ബയര്‍ ” – ന്റെ പട്ടികയില്‍ മികച്ച 50 അഭിനേതാക്കളില്‍ ഒരാളായി ഷാറൂഖ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ ആഹ്ലാദിക്കുന്നു. അഭിനന്ദനങ്ങള്‍ ഷാറൂഖ് ഖാന്‍” , എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

Leave A Comment