ജോഡോ യാത്ര കോണ്‍ഗ്രസിന്റെ പരിപാടി; പങ്കെടുക്കില്ലെന്ന് യെച്ചൂരി
ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. പദയാത്രയിൽ പങ്കെടുക്കാൻ പ്രതിപക്ഷ പാർട്ടികളെ ഉത്തർപ്രദേശിലേക്ക് ക്ഷണിക്കുമെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
ജോഡോ യാത്ര കോണ്‍ഗ്രസിന്റെ മാത്രം പരിപാടിയാണെന്നും പങ്കെടുക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. അതേസമയം, ജോഡോ യാത്രയിൽ കാഷ്മീരിലെ സിപിഎം നേതാവ് യുസഫ് തരിഗാമി പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ പ്രതിഷേധവുമായി രംഗത്തുള്ള യുസഫ് തരിഗാമി അടക്കമുള്ള ഗുപ്കാർ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയിൽ പങ്കാളികളാകുമെന്നായിരുന്നു വേണുഗോപാൽ പറഞ്ഞത്.
ഒൻപതു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി മൂന്നിന് ഉത്തർപ്രദേശിലെ ലോനിയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടം ആരംഭിക്കുക. ജനുവരി ആറിന് ഹരിയാനയിലേക്ക് പുറപ്പെടും മുന്‍പ് ഉത്തർപ്രദേശിലെ ബാഗ്പത്, ഷംലി എന്നിവിടങ്ങളിൽ യാത്ര തുടരും. അഞ്ച് ദിവസത്തെ ഹരിയാന യാത്രയ്ക്ക് ശേഷം ജനുവരി 11ന് പഞ്ചാബിലേയ്ക്ക് യാത്ര തിരിക്കും. പഞ്ചാബ് പിന്നിട്ടാണ് സമാപനത്തിനായി യാത്ര ജമ്മു കാഷ്മീരിലെത്തുക.
Leave A Comment