ദേശീയം

യുഎഇ പ്രസിഡന്റ് ഇന്ത്യയിൽ; നേരിട്ടെത്തി സ്വീകരിച്ച് മോദി

ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിൽ എത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യം അടിവരയിടുന്നതായിരുന്നു ഈ സ്വീകരണം.

ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളലുകൾ, ഗാസയിലെ അസ്ഥിരത, യെമനിലെ സംഘർഷങ്ങൾ എന്നിവ കാരണം പശ്ചിമേഷ്യയിൽ പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം.

പ്രാദേശികമായ ഈ വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കുമെന്നും നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

"എന്റെ സഹോദരൻ, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയി.

ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ് ഈ സന്ദർശനം വ്യക്തമാക്കുന്നത്. ഞങ്ങളുടെ ചർച്ചകൾക്കായി കാത്തിരിക്കുന്നു," പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.

വൈകുന്നേരം 7 ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റിന് വിരുന്നൊരുക്കും. ഏതാനും മണിക്കൂറുകൾ മാത്രം ഇന്ത്യയിൽ ചിലവഴിക്കുന്ന അദ്ദേഹം തിങ്കളാഴ്ച തന്നെ മടങ്ങും.

നേരത്തെ 2025 ഡിസംബറിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച പല കാരണങ്ങളാൽ വൈകുകയായിരുന്നു.

Leave A Comment