അറിയിപ്പുകൾ

മാട്ടപ്പറമ്പിൽ ഉണ്ണികൃഷ്ണൻ ചികിത്സ സഹായ നിധി വിജയിപ്പിക്കുക

കൊമ്പൊടിഞ്ഞാമാക്കൽ: രോഗപീഡയിൽ വലയുന്ന കുടുംബത്തിന് കൈത്താങ്ങാകാൻ കുഴിക്കാട്ടുശ്ശേരി ഗ്രാമം ഒന്നിക്കുന്നു, ഒപ്പം നിങ്ങളും ഉണ്ടാകണമെന്ന അപേക്ഷയോടെ.
കാൻസർ ബാധിതനായ കുഴിക്കാട്ടുശ്ശേരി മാട്ടപ്പറമ്പിൽ ചാത്തൻ മകൻ ഉണ്ണികൃഷ്ണന്റെ കുടുംബത്തെ സഹായിക്കാനാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സഹായ സമിതി രൂപീകരിച്ചത്. 

തൊണ്ടയിൽ കാൻസർ ബാധിതനായി തൃശൂർ മെഡിക്കൽ കോളെജിൽ  ചികിത്സയിലിരിക്കെ കാലിൽ രക്തയോട്ടം നിലയ്ക്കുകയും വിദഗ്ദ പരിശോധനകൾക്കൊടുവിൽ അണുബാധ ആണെന്ന് തിരിച്ചറിഞ്ഞ് കോട്ടയം മെഡിക്കൽ കോളെജിൽ വലതുകാൽ മുട്ടിനു മുകളിൽവെച്ച് മുറിച്ചു മാറ്റുകയും ചെയ്യേണ്ടി വന്നു. ഉണ്ണികൃഷ്ണന്റെ മൂത്ത മകൻ സർജിൽ കൃഷ്ണ ബാംഗ്ലൂരിലെ ഡിപ്ലോമ പഠനം കഴിഞ്ഞ് ഈ വർഷം ഫെബ്രുവരി 25ന് വിദേശത്തേയ്ക്ക് പോയിരുന്നെങ്കിലും ഏപ്രിൽ 13ന് അവിടെ വെച്ച് കുഴഞ്ഞ് വീണു മരണപ്പെട്ടു,  വിദേശയാത്രക്കായി ചെലവായ പണത്തിൻ്റെ കടബാധ്യത ബാക്കിയാക്കി. ഉണ്ണികൃഷ്ണൻ്റെ ഭാര്യ വത്സലയും നിത്യ രോഗിയാണ്. ഇളയ മകൻ  സിറിൽ കൃഷ്ണയും  ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ  ചികിത്സയിലാണ്. 

മഴയിൽ വെള്ളക്കെട്ടിലാവുന്ന ഭൂമിയിൽ പണിതീരാത്ത കൊച്ചു വീട്ടിലാണ് താമസം. വീട്ടിലേയ്ക്കുള്ള വഴി ഏറെ ഇടുങ്ങിയതും ആരോഗ്യമുള്ളവർക്ക് പോലും ഇറങ്ങിച്ചെല്ലാൻ പ്രയാസമായതുമാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന, ഏറെക്കാലം വക്കീൽ ഗുമസ്തനായി ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ രോഗത്തിന്റെ പിടിയിലായതോടെ കുടുംബത്തിൻ്റെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. 
ഈ സാഹചര്യത്തിലാണ് ഈ കുടുംബത്തെ സഹായിക്കുന്നതിനായി "മാട്ടപ്പറമ്പിൽ ഉണ്ണികൃഷ്ണൻ ചികിത്സ സഹായ നിധി" എന്ന പേരിൽ മന്ത്രി ഡോ.ആർ.ബിന്ദു, ജില്ല പഞ്ചായത്ത് അംഗം പി.കെ.ഡേവിസ് മാസ്ററർ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.ജോജോ  (രക്ഷാധികാരികൾ), വാർഡ് മെമ്പർ മിനി പോളി (ചെയർപേഴ്‌സൺ),  ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉൾക്കൊള്ളുന്ന നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചത്. 



ഉണ്ണികൃഷ്ണൻ്റെയും ഭാര്യയുടെയും മകൻ്റെയും തുടർ ചികിത്സക്ക് വലിയ സംഖ്യ ആവശ്യമാണ്. വാഹന സൗകര്യമുള്ള ഒരിടത്ത് ഒരു വാടക വീട്ടിലേക്കെങ്കിലും കുടുംബത്തെ മാറ്റി പാർപ്പിക്കേണ്ടതുമുണ്ട്.  ഈ മാസം 30ന് മുമ്പായി കഴിയുന്നത്ര സംഖ്യ സമാഹരിച്ച്  നൽകണമെന്നാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഫണ്ട് സമാഹരണത്തിനായി ഫെഡറൽ ബാങ്ക് കൊമ്പൊടിഞ്ഞാമാക്കൽ ശാഖയിൽ കമ്മിറ്റിയുടെ ചെയർപേഴ്സൻ്റെയും കൺവീനറുടെയും പേരിൽ ഒരു ജോയിൻ്റ് എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

ഫണ്ട് സമാഹരണത്തിന്  എല്ലാ സുമനസ്സുകളുടെയും  അകമഴിഞ്ഞുള്ള സഹകരണം പ്രതീക്ഷിക്കുകയാണ് കമ്മിറ്റി. എക്കൗണ്ടിലേക്ക് നേരിട്ടോ QR code സ്കാൻ ചെയ്തോ പണമടക്കാം. 

എക്കൗണ്ട് നമ്പർ: ഫെഡറൽ ബാങ്ക് കൊമ്പൊടിഞ്ഞാമാക്കൽ ശാഖ 
No. 1 9 8 4 0 2 0 0 0 0 1 9 3 9
IFSC Code : F D R L 0 0 0 1 9 8 4

Leave A Comment