തൃശൂരില്‍ ഇനി സിനിമാപൂരം
തൃശൂര്‍: 18-ാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഐഎഫ്എഫ്ടി മാര്‍ച്ച് മൂന്നിനാരംഭിക്കും. ഒമ്പതുവരെ നീളുന്ന ദിവസങ്ങളില്‍ ലോക സിനിമയിലെ ശ്രദ്ധേയമായ നിരവധി ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ ഐനോക്സിലെ രണ്ടു തിയറ്ററുകളിലാണ് ഐഎഫ്എഫ്ടി.
മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളടക്കം 70 സിനിമകളാണു പ്രദര്‍ശനത്തിന് എത്തുന്നത്. ശോഭസിറ്റി ഐനോക്സിലെ സ്ക്രീന്‍ അഞ്ചിലും ആറിലുമാണ് ചലച്ചിത്രോത്സവത്തിലെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. മാര്‍ച്ച് ഒന്നുവരെ ഡെലിഗേറ്റ് പാസുകള്‍ ലഭിക്കും. പാസുകള്‍ ആവശ്യമുള്ളവര്‍ 7907196843, 9496168654 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ദിവസേന രണ്ടു സ്ക്രീനുകളിലായി പത്തു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ പത്തിനും ഉച്ചയ്ക്ക് 12നും ഉച്ചതിരിഞ്ഞ് മൂന്നിനും വൈകീട്ട് അഞ്ചിനും രാത്രി ഏഴിനുമായിരിക്കും സിനിമകള്‍. ഒരു പ്രതിനിധിക്കു നാലു ഷോ വരെ ഒരു ദിവസം റിസര്‍വ് ചെയ്യാം. ഡെലിഗേറ്റ് കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും.
പുതിയ സംവിധായകരുടെ 24 സിനിമകളാണ് വിവിധ കാറ്റഗറികളിലായി മത്സരിക്കുന്നത്. അന്തര്‍ ദേശീയ തലത്തില്‍ ഫിപ്രസി ഇന്ത്യ പുരസ്കാരവും ദേശീയതലത്തില്‍ ഒരു ലക്ഷം രൂപ പ്രൈസ് മണിയുള്ള പതിനൊന്നാമത് കെ.ഡബ്ല്യു.ജോസഫ് ഐഎഫ്എഫ്ടി ഫിലിം അവാര്‍ഡും നല്‍കും. ഇതിനു പുറമെ ഈ വര്‍ഷം മുതല്‍ പുതിയതായി മലയാള നവാഗത സിനിമയ്ക്ക് നല്കുന്ന ഒരുലക്ഷം രൂപ പ്രൈസ് മണിയുള്ള കെഎസ്എഫ്ഇ ഐഎഫ്എഫ്ടി ഫിലിം അവാര്‍ഡും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മൂന്നു പ്രത്യേക ജൂറി ടീമുകളാണ് സിനിമകള്‍ വിലയിരുത്തുന്നത്. അശോക് റാണെയുടെ നേതൃത്വത്തിലുള്ള ഫിപ്രസി ഇന്ത്യ ജൂറിയില്‍ പ്രഫ. എന്‍. മനു ചക്രവര്‍ത്തി, ശ്രീദേവി പി അരവിന്ദ എന്നിവര്‍ അംഗങ്ങളാണ്. ഡോ. ബിജു ദാമോദരന്റെ നേതൃത്വത്തിലുള്ള ദേശീയ ജൂറിയില്‍ പ്രേമേന്ദ്ര മഞ്ജീദര്‍, എം.സി. രാജനാരായണ്‍ എന്നിവരാണ് അംഗങ്ങള്‍. ദീപിക സുശീലന്റെ നേതൃത്വത്തിലുള്ള മലയാള സിനിമ ജൂറിയില്‍ ഡോ. വി. മോഹനകൃഷ്ണന്, ഡോ. എം.ആര്. രാജേഷ് എന്നിവരുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ പോലെ ഇരിങ്ങാലക്കുട, വരന്തരപ്പിള്ളി, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഉപകേന്ദ്രങ്ങളിലും ചലച്ചിത്രോത്സവത്തിന്റെ ഉപപ്രദര്ശനങ്ങളുണ്ടാകുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചെറിയാന് ജോസഫ് അറിയിച്ചു.
Leave A Comment