കാഴ്ചക്കപ്പുറം

മുടി കൊഴിച്ചിൽ ഇല്ലേയില്ല; ഹെയർ ഓയിൽ മാത്രം വിറ്റ് യുവതി നേടി 34 കോടി

സൗന്ദര്യസംരക്ഷണത്തിൽ മുടിയുടെ വില എത്രയെന്ന് അത് കൊഴിഞ്ഞുപോകുന്നവരോട് ചോദിച്ചാൽ മതി. അത്രക്കുണ്ട് മുടിയുടെ പ്രാധാന്യം.മുടി കൊഴിച്ചിൽ നിറുത്തി സമൃദ്ധമായി മുടി വളരുന്നതായി അവകാശപ്പെടുന്ന  ഒരു ഹെയർ ഓയിൽ കൊണ്ട് സ്വപ്നം കാണുന്നതിലും  വലിയ തുക സമ്പാദിച്ചിരിക്കുകയാണ് ഈ 30കാരി. ലണ്ടനിൽ സ്ഥിരതാമസക്കാരിയായ എറിം കൗറാണ് ഹെയർ ഓയില്‍ വില്‍പനയിലൂടെ 34 കോടിയോളം രൂപ സമ്പാദിച്ചത്.

2019 ൽ  ‘ബൈ എറിം’ എന്ന ആഡംബര ബ്രാൻഡിന് തുടക്കം കുറിച്ചതാണ് ഇത്തരത്തിലൊരു വിജയത്തിലേക്ക്  എറിം കൗർ എത്തിപ്പെടാൻ കാരണമായത്. അഞ്ചുവർഷത്തിനിടെ ജനശ്രദ്ധ നേടാൻ എറിം കൗറിന്റെ ബ്രാൻഡിനു സാധിച്ചു. ഇതിലൂടെ 34 കോടി രൂപ ലാഭമുണ്ടാക്കിയതായി സിഎൻബിസിക്കു നൽകിയ അഭിമുഖത്തിൽ എറിം വെളിപ്പെടുത്തി.എറിമിന് എട്ട് വയസ്സുള്ളപ്പോൾ  സ്തനാർബുദം ബാധിച്ച് അമ്മ മരിച്ചു. അമ്മയുടെ നീണ്ടമുടിയാണ് തനിക്കും ലഭിച്ചതെന്ന് എറിം പറയുന്നു. ‘എന്റെ അമ്മയുടെ രീതി അനുകരിക്കാൻ ഞാൻ ശ്രമിച്ചു. അമ്മയുടെ സൗന്ദര്യമെന്ന് ആളുകൾ പറഞ്ഞിരുന്നത് അവരുടെ മുടിയാണ്. അത് നഷ്ടപ്പെടുന്നത് വളരെ സങ്കടമായിരുന്നു.’– എറിം പറഞ്ഞു.

അമ്മയുടെ മരണ ശേഷം എറിമിന്റെ മുത്തശ്ശിയാണ് അവളുടെ കേശസംരക്ഷണം നടത്തിയത്. നിരവധി എണ്ണകൾ മുടി വളരുന്നതിനായി ഉപയോഗിച്ചു. എന്നാൽ ഇവയൊന്നും വിചാരിച്ചതു പോലെ ഫലം കണ്ടില്ല.  അങ്ങനെയിരിക്കെ ഒരിക്കൽ വിവിധ എണ്ണകൾ ചേർത്ത് ഒരു എണ്ണ തയാറാക്കി ഉപയോഗിക്കാൻ തുടങ്ങി. ഇതിലൂടെ മുടികൊഴിച്ചിൽ പൂർണമായും ഇല്ലാതാവുകയും സമൃദ്ധമായി മുടി വളരുകയും ചെയ്തു. ഈ ഫോർമുലയാണ് എറിം ഹെയർ ഓയിലിൽ ഉപയോഗിക്കുന്നത്. നൂറ് ശതമാനം ആയുർവേദ ചേരുവകളാണ് ഈ ഹെയർ ഓയിലിൽ ഉപയോഗിക്കുന്നത്. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ എട്ട് എണ്ണകളുടെ മിശ്രിതമാണ് ഈ ഹെയർ ഓയിലെന്നും എറിം വ്യക്തമാക്കി. 

Leave A Comment