ഗവർണർ ഏകാധിപതിയായി പെരുമാറുന്നു; പ്രത്യക്ഷ സമരത്തിന് എൽഡിഎഫ്
തിരുവനന്തപുരം: സർക്കാരിനെതിരെ നീങ്ങുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക്. വരുന്ന മാസം 51 ന് എൽഡിഎഫ് ധർണ നടത്തും. ജില്ലാ തലങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കും. നവംബർ രണ്ടിന് വിദ്യാഭ്യാസ വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാനതല കൺവൻഷൻ നടത്താനും തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.
ആർഎസ്എസ് അനുഭാവിയാണെന്ന് പ്രഖ്യാപിച്ച ഗവർണർ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. സർവകലാശാലകളിൽ ആർഎസ്എസ് അനുഭാവികളെ തിരുകിക്കയറ്റാനാണ് നീക്കം. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് നിയമവിരുദ്ധമായ നടപടിയും അധികാരദുർവിനയോഗവുമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. കോടതിയായി ഗവർണർ പ്രവർത്തിച്ചാൽ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ പ്രസ്താവന വങ്കത്തരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടന വായിച്ചവർക്ക് കാര്യമറിയാം. ഗവർണറുടെ ഇത്തരം പ്രസ്താവനകളൊന്നും കേരളത്തെ ജനങ്ങൾ കാര്യമായെടുക്കില്ല. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും കാനം പറഞ്ഞു.
Leave A Comment