രാഷ്ട്രീയം

പുതിയ ക്രൈസ്തവ പാർട്ടി: പിന്നിൽ ബിജെപി ദേശീയ നേതൃത്വം

കൊച്ചി: കേരളത്തിൽ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കങ്ങൾക്കുപിന്നിൽ ബി.ജെ.പി. ദേശീയ നേതൃത്വം. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാതെയാണ് ഡൽഹിയിലും എറണാകുളത്തുമായി പ്രധാന ചർച്ചകൾ നടന്നുവരുന്നത്.

ബി.ജെ.പി. ദേശീയ നേതൃത്വവുമായി അടുപ്പമുള്ള മധ്യകേരളത്തിലെ ബിഷപ്പിനൊപ്പം പുതിയ പാർട്ടി രൂപവത്കരിക്കുന്ന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരെ കണ്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി ബിഷപ്പും അസം മുഖ്യമന്ത്രിയും അനൗദ്യോഗിക ചർച്ചകളിൽ പങ്കെടുത്തതായാണ് വിവരം. ഭരണഘടനാപദവി വഹിക്കുന്ന രണ്ട്‌ മലയാളി നേതാക്കളും സഭാനേതൃത്വവുമായി ബി.ജെ.പി.ക്കുവേണ്ടി ആശയവിനിമം നടത്തിയിരുന്നു.

ആദ്യചർച്ചകളിലുണ്ടായിരുന്ന ഒരു കേരള കോൺഗ്രസ് മുൻ എം.എൽ.എ. പിന്നീട് പിന്മാറി. രണ്ട് മുൻ എം.എൽ.എ. മാരും കേരള കോൺഗ്രസ്, കോൺഗ്രസ് പാർട്ടികളുടെ ടിക്കറ്റിൽ എം.പി.യും എം.എൽ.എ.യുമായിരുന്ന മുതിർന്ന നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമൊക്കെയുണ്ടെങ്കിലും ഇവർക്ക് വലിയ ജനകീയാടിത്തറയില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. ദേശീയ നേതൃത്വത്തിലെ പ്രമുഖൻ. അതുകൊണ്ടുതന്നെ കൂടുതൽ ചെറുഗ്രൂപ്പുകളെ ഒപ്പം ചേർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്. 

സഭയുമായി ബന്ധമുള്ള കർഷക സംഘടനയെ മുൻനിർത്തി ബി.ജെ.പി. അനുകൂല നിലപാട് പ്രചരിപ്പിക്കാനും ശ്രമമുണ്ട്.

Leave A Comment