സജി ചെറിയാൻ എംഎല്‍എ സ്ഥാനം കൂടി രാജി വയ്ക്കണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം:ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.സജി ചെറിയാന്റെ രാജി സ്വാഗതാര്‍ഹമാണ്. എന്നാല്‍ എംഎല്‍എ സ്ഥാനം കൂടി അദ്ദേഹം രാജിവെയ്ക്കണമെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ പ്രസംഗത്തെ തള്ളിപ്പറയാത്തത് ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. പ്രസംഗത്തില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമവഴി തേടുമെന്നും സതീശന് വ്യക്തമാക്കി.
സ്വതന്ത്രമായി രാജി തീരുമാനം എടുത്തുവെന്നാണ് സജി ചെറിയാന് പറയുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Leave A Comment