പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകണം: ശശി തരൂർ
ന്യൂഡൽഹി: പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. താൻ കോൺഗ്രസിന്റെ നേതൃസ്ഥാനത്തായിരുന്നെങ്കിൽ പ്രാദേശിക പാർട്ടിയെ പരിഗണിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം സംബന്ധിച്ച് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു തിരുവനന്തപുരം എംപി കൂടിയായ അദ്ദേഹം.
താനായിരുന്നു പാർട്ടി നേതൃത്വത്തിലെങ്കിൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ ചെറുപാർട്ടികളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കാൻ പുതിയ കാരണം കണ്ടെത്തിക്കഴിഞ്ഞു. 2024 ൽ ഭൂരിപക്ഷം നേടാൻ ബിജെപിക്ക് ബുദ്ധിമുട്ടാണെന്നും തരൂർ കൂട്ടിച്ചേർത്തു.
ഒന്നിച്ചാൽ നിൽക്കാമെന്നും ഭിന്നിച്ചാൽ വീഴുമെന്നുമുള്ള സത്യം പലർക്കും അനുഭവപ്പെട്ടുതുടങ്ങി. അവർ ഇപ്പോൾ രാഹുലിനെ പിന്തുണച്ചില്ലെങ്കിൽ പ്രതികാരബുദ്ധിയുള്ള സർക്കാർ അവരെ ഓരോരുത്തരെയായി തെരഞ്ഞുപിടിക്കും. ദേശീയ കാഴ്ചപ്പാടുള്ള ഒരേയൊരു പ്രതിപക്ഷ പാർട്ടി കോൺഗ്രസാണ്. 200 ഓളം സീറ്റുകളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടമാണ്.
എന്നാൽ പാർട്ടി നേതൃത്വത്തിലുണ്ടായിരുന്നെങ്കിൽ താൻ അതിനെയോർത്ത് ഒച്ചയിടില്ല. പ്രതിപക്ഷ സഖ്യത്തിന്റെ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ ചെറിയ പാർട്ടികളിലൊന്നിനെ പ്രോത്സാഹിപ്പിക്കുമായിരുന്നു. തന്റെ കാഴ്ചപ്പാടിൽ, ഐക്യമാണ് പ്രധാനമെന്നും തരൂർ കൂട്ടിച്ചേർത്തു.
Leave A Comment