'വേദനാജനകം, അനിലിന്റേത് തെറ്റായ തീരുമാനം'; എകെ ആന്റണി
തിരുവനന്തപുരം : മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരാനെടുത്ത തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മകന്റെ ബിജെപി പ്രവേശനത്തോട് വളരെ വികാരാധീതനായാണ് ആന്റണി പ്രതികരിച്ചത്. അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും എത്രനാൾ ജീവിച്ചിരുന്നാലും താൻ ബിജെപിക്കും ആർഎസ് എസിനുമെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. 82 വയസായ ഞാൻ ഇനിയെത്രകാലമുണ്ടാകുമെന്നറിയില്ല. ദീർഘായുസെനിക്ക് താൽപര്യവുമില്ല. എത്രനാൾ ഞാൻ ജീവിച്ചാലും ഞാൻ മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായാകുമെന്നെനിക്കുറപ്പാണ്.
അവസാനശ്വാസം വരെയും താൻ ബിജെപിയുടെയും ആർഎസ്എസിന്റേയും തെറ്റായ നീക്കങ്ങൾക്കെതിരെ ശബ്ദമുയർത്തും. അതിൽ യാതൊരു സംശയവുമില്ല. എന്റെ അവസാന ശ്വാസം വരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. അനിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ താനിനി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കില്ലെന്നും ഇത് ആദ്യത്തേയും അവസാനത്തേയും വാർത്താ സമ്മേളനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment