രാഷ്ട്രീയം

പൈതൃക ഭൂമിയിൽ എൽ ഡി എഫ് സമ്മേളനം; പരിഹസിച്ച് കോൺഗ്രസ്‌ നേതാവ്

മാള: പൈതൃക സംരക്ഷണത്തിനായി നവീകരണം നടക്കുന്ന മാള ജൂതപള്ളിക്ക് മുൻവശം എൽ ഡി എഫ് സമ്മേളനം നടത്തിയതിന് എതിരെ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി എ എ അഷ്‌റഫിന്റെ പരിഹാസ പോസ്റ്റ്‌. തന്റെ ഫേസ് ബുക്ക്‌ പോസ്റ്റിലാണ് പൈതൃക സംരക്ഷണക്കാരെ പരിഹസിച്ചു കൊണ്ട് എ എ അഷ്‌റഫ്‌ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

"പൊതു പരിപാടികൾക്കോ കളിക്കളമാക്കാനോ പാടില്ല. നൂറ് ശതമാനവും ഈ പൈതൃക ഭൂമി സംരക്ഷണ വലയത്തിലാക്കണമെന്ന് കോടതി വിധി സമ്പാദിച്ച പഞ്ചായത്തും, സംരക്ഷണ സമിതിയും എവിടെ പോയി?"- എന്ന് അഷ്‌റഫ്‌ ചോദിക്കുന്നു. അഷ്‌റഫിനെ അനുകൂലിച്ചു കൊണ്ട് നിരവധി കമന്റുകളും പോസ്റ്റിൽ എത്തുന്നുണ്ട്.




എ എ അഷ്‌റഫിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം 


'ഇതു നല്ല കഥയും ചരിത്ര വും തന്നെ ! സി പി എം ഭരിക്കുന്ന മാള ഗ്രാമ പഞ്ചായത്തിന്റെ പൈതൃക സ്നേഹം കണ്ട് മാളക്കാർ അന്താളിച്ചു പോയി. പ്ലാസ്റ്റിട്ട കൈയാണെന്ന് പോലും മറന്ന് ജെസിബി യോടൊപ്പം നെഞ്ചുവിരിച്ചു നിന്ന സംരക്ഷണ സമിതി നേതാക്കൾ തോരാത്ത മഴ കാരണമാണെന്ന് തോന്നുന്നു പുറത്തെങ്ങും കാണാനില്ല. യഹൂദ പൈതൃക ഭൂമിയിൽ തൊടരുത്, മറ്റൊരു കാര്യത്തിനും ഉപയോഗിക്കരുത്, പൊതു പരിപാടികൾക്കോ കളിക്കളമാക്കാനോ പാടില്ല. നൂറ് ശതമാനവും ഈ പൈതൃക ഭൂമി സംരക്ഷണ വലയത്തിലാക്കണമെന്ന് കോടതി വിധി സമ്പാദിച്ച പഞ്ചായത്തും, സംരക്ഷണ സമിതിയും എവിടെ പോയി? ഈ കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾക്കെന്നല്ല, ആർക്കും പൈതൃകഭൂമിയിൽ പന്തൽ കെട്ടി സമ്മേളനം നടത്താൻ പാടില്ലെന്നിരിക്കെ പഞ്ചായത്ത് സെക്രട്ടറി അനുവാദം കൊടുക്കാൻ സാദ്ധ്യതയില്ല. അപ്പോൾ പിന്നെ പഞ്ചായത്തിന്റെ അനുവാദമില്ലാതെ പൈതൃകഭൂമിയിൽ മൈക്ക് ഉപയോഗിക്കാൻ പോലീസെങ്ങിനെ അനുവാദം കൊടുത്തു ? നാളെ ശ്മശാന ഭൂമിയിൽ ആരെങ്കിലും മൈക്ക് വെച്ച് പന്തൽ കെട്ടി സമ്മേളനം നടത്തിയാൽ തടയാൻ പഞ്ചായത്തും പോലീസും വരുമോ?
    ഇങ്ങിനെയൊക്കെ ഒരു പാട് ചോദ്യങ്ങൾ സ്വയം മൂക്കത്ത് വിരൽ വെച്ച് ചിന്തിച്ചു പോകുന്നതല്ലാതെ പരാതിക്കൊന്നും പോകാൻ ഞാനില്ല.കാരണം ഇങ്ങിനെയൊക്കെ നടന്നു കാണണമെന്ന് ആഗ്രഹിക്കുന്നവനും, ഇതിന്റെ പേരിൽ ഒരു പാട് ആരോപണങ്ങൾ കേൾക്കേണ്ടി വന്നവനുമാണ് ഞാൻ.ഇതെനിക്കു വല്ലാതെയങ്ങു ഇഷ്ടപ്പെട്ടു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പ്രതികരണം നഷ്ടപ്പെട്ട മാളക്കാർ ഒന്നും മിണ്ടാതെ ഇതും സഹിക്കുക.'

Leave A Comment