രാഷ്ട്രീയം

താന്‍ പഠിച്ചത് അക്കൗണ്ടന്‍സിയല്ല, ധനശാസ്ത്രം; കുഴല്‍നാടന്‍റെ വെല്ലുവിളി ഏറ്റെടുക്കാതെ തോമസ് ഐസക്

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍റെ സ്വത്ത് വിവരം പരിശോധിക്കാനുള്ള എംഎൽഎയുടെ ക്ഷണം നിരസിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.

കുഴല്‍നാടന്‍റെ കണക്ക് പരിശോധിക്കാനില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താന്‍ പഠിച്ചത് അക്കൗണ്ടന്‍സിയല്ല, ധനശാസ്ത്രമാണ്. കണക്ക് പരിശോധനയില്‍ തനിക്ക് അത്ര പ്രാവീണ്യം ഇല്ലെന്നും ഐസക്ക് വ്യക്തമാക്കി.

വീണ സര്‍വ്വീസ് സപ്ലൈയര്‍ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴല്‍നാടനും വാദമില്ല. മുഴുവന്‍ നികുതിയും അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം.

നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിലൂടെ എക്‌സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണെന്നു കുഴല്‍നാടനും സമ്മതിച്ചിരിക്കുകയാണെന്നും ഐസക് പോസ്റ്റില്‍ പറഞ്ഞു.

ഇതോടെ മാസപ്പടി വിവാദത്തിനു തിരശീല വീണിരിക്കുകയാണ്. കുഴല്‍നാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീര്‍ന്നു. ഇനി വേണ്ടത് പൂര്‍ണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യണമെന്നതാണ്.

അത് ജിഎസ്ടി വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു ചില നടപടിക്രമങ്ങളുണ്ടെന്നും ഐസകിന്‍റെ പോസ്റ്റില്‍ പറയുന്നു.

Leave A Comment