രാഷ്ട്രീയം

കള്ളക്കേസെന്ന് അരവിന്ദാക്ഷൻ; പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് ഗോവിന്ദൻ

കൊച്ചി: തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.എം. നേതാവുമായ പി.ആര്‍. അരവിന്ദാക്ഷന്‍. താന്‍ കള്ളനും കൊലപാതകിയും ഒന്നുമല്ലെന്നും അരവിന്ദാക്ഷന്‍ പ്രതികരിച്ചു. അതേസമയം, സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ചു നടത്തുന്ന ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അരവിന്ദാക്ഷന്റെ അറസ്റ്റെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

'നിങ്ങളുടെ ആവശ്യം നിറവേറിയല്ലോ. കള്ളക്കേസില്‍ കുടുക്കിയല്ലോ. ഞാന്‍ കള്ളനും കൊലപാതകിയും ഒന്നുമല്ല. എന്നെ ഇവര്‍ കള്ളക്കേസില്‍ കുടുക്കുകയാണ്. എന്നെ അടിച്ചതിന് പരാതികൊടുത്തതിന് ഭാഗമായിട്ടാണ്...', കസ്റ്റഡിയിലെടുത്ത് ഇ.ഡി. ഓഫീസിലെത്തിച്ചപ്പോള്‍ അരവിന്ദാക്ഷന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

മര്‍ദനം പുറത്തുപറഞ്ഞതിന് പി.ആര്‍. അരവിന്ദാക്ഷനെ വേട്ടയാടുകയാണെന്ന് എം.വി. ഗോവിന്ദനും ആവര്‍ത്തിച്ചു. പാര്‍ട്ടി അരവിന്ദാക്ഷനൊപ്പമാണോ എന്ന ചോദ്യത്തിന് എന്താണ് സംശയം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മൊയ്തീന്‍ ചാക്കില്‍ കെട്ടി പണം കൊണ്ടുപോയത് കണ്ടെന്ന് പറയണം എന്നു പറഞ്ഞുള്ള ഭീഷണിയായിരുന്നു. അത്തരത്തില്‍ ഭീഷണിപ്പെടുത്തിയാല്‍ ആരും അധികം പുറത്തു പറയാറില്ല. ഇദ്ദേഹം പുറത്തുപറഞ്ഞു. കേസായി, അപ്പോള്‍ പിന്നെ ഇ.ഡി. വേട്ടയാടുകയാണ്. കേന്ദ്ര ഏജന്‍സി എന്ന രീതിയില്‍ പാര്‍ട്ടിയിലേക്ക് എത്താന്‍ ആരെയൊക്കെയാണോ അവര്‍ക്ക് ആവശ്യമുണ്ടാവുക അവരെയെല്ലാം എത്തിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരു ന്യായമായ സമീപനവുമല്ല. തികച്ചും തെറ്റായ നിലപാടാണ് സ്വീകരിക്കുന്നത്. പാര്‍ട്ടി ഉറച്ച നിലപാടാണ് എടുക്കുന്നത്. സഹകരണമേഖലയെ തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് വഴങ്ങാല്‍ പാര്‍ട്ടിക്ക് മനസ്സില്ല', എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Leave A Comment