അങ്കമാലിയിൽ കെ എസ് യു പ്രവർത്തകരെ ഡി വൈ എഫ് ഐ വളഞ്ഞിട്ട് തല്ലി
അങ്കമാലി: നവ കേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അങ്കമാലിയിൽ പൊലീസ് നോക്കി നിൽക്കെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദനം.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വൈശാഖ്.എസ്. ദർശൻ അടക്കം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചക്ക് 2.45ഓടെ ബ്ലോക്ക് പഞ്ചായത്തോഫീസിന് സമീപം പ്രതിഷേധത്തിന് ഒരുങ്ങി നിൽക്കുകയായിരുന്ന 10 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയാണ് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 20ഓളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലും മർദ്ദിച്ചു. അതിനിടെ ചിതറി ഓടിയ ശേഷം ഹെൽമറ്റ് ധരിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവത്രെ.
പൊലീസ് കരവലയത്തിലായിരുന്നിട്ടും ചുറ്റും കൂടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് രക്ഷയായത്. രാവിലെ അങ്കമാലി അഡ്ലക്സിൽ നിന്ന് മുഖ്യമന്ത്രിയും, മന്ത്രിമാരും പ്രഭാതയോഗവും, വാർത്ത സമ്മേളനവും കഴിഞ്ഞ ശേഷം ചാലക്കുടിയിലേക്ക് പോയി. ഉച്ചക്ക് ശേഷം അങ്കമാലി സെൻ്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നവകേരള സദസ്സിൽ പങ്കെടുക്കാൻ എത്തുന്നതിന് മുമ്പാണ് റോഡിൽ നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമണമുണ്ടായത്.
Leave A Comment