രാഷ്ട്രീയം

ബിജെപി ഫ്ലക്സ് ബോർഡിൽ കെ കരുണാകരനും; ഫ്ലക്സ് വലിച്ചുകീറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മലപ്പുറം: നിലമ്പൂരില്‍ കെ കരുണാകരന്‍റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോര്‍ഡ്. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്‍റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്‍റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്സില്‍ കരുണാകരനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ നേരത്തേ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുകയാണ്.

ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഫ്ലക്സ് ബോര്‍ഡ് വലിച്ചുകീറി. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയാണ് ബോര്‍ഡ് നശിപ്പിച്ചത്.

Leave A Comment