രാഷ്ട്രീയം

എക്സിറ്റ് പോൾ പോലെ തരംഗമുണ്ടേൽ ഇവിഎമ്മിന്‍റെ വിശ്വാസീയത ചോദ്യം ചെയ്യപ്പെടും: ബെന്നി ബെഹ്നാൻ

ചാലക്കുടി: എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായി ഉൾക്കൊള്ളാനും പൂർണമായും തള്ളിക്കളയാനും തയ്യാറല്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്നാൻ. എക്സിറ്റ് പോളുകൾ പ്രവചിക്കുന്ന മോദി തരംഗം തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. കേരളത്തിൽ ഇടത് മുന്നണിക്കെതിരെ വലിയ തോതിൽ ജനവികാരമുണ്ട്. അത് നിശബ്‍ദ തരംഗമായി മാറിയിട്ടുണ്ടെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞു. പക്ഷേ, ബിജെപി അക്കൗണ്ട് തുറക്കും എന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. എക്സിറ്റ് പോൾ പ്രകാരം തന്നെയാണ് തരംഗം എങ്കിൽ ഇലക്ഷൻ കമ്മീഷന്‍റെയും ഇവിഎമ്മിന്‍റെ വിശ്വാസീയത ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസനും പറഞ്ഞു. യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ ബിജെപി - സിപിഎം രഹസ്യ ഡീൽ ഉണ്ടായിരുന്നു. പക്ഷേ അത് മറികടന്നാണ് ജനം വോട്ട് ചെയ്തത്. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ചു. കേരളത്തിന്‍റെ മതേതര മനസ് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment