കോൺഗ്രസിൽ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി നേതൃത്വം; പൊതുപരിപാടികളിൽ വേദിയിൽ ഭാരവാഹികൾ മാത്രം
തിരുവനന്തപുരം: കോൺഗ്രസിൽ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി നേതൃത്വം. നേതാക്കൾക്കും പ്രവർത്തകർക്കും സംഘടനപരമായ പെരുമാറ്റച്ചട്ടം നടപ്പാക്കിയതാണ് പുതിയ നിയമം. പൊതുപരിപാടികളിൽ ഭാരവാഹികൾ മാത്രമേ വേദിയിൽ ഉണ്ടാകാൻ പാടുള്ളൂ. പ്രധാന നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിൽ കസേരകളിൽ പേരെഴുതി വയ്ക്കണമെന്നും പരിപാടികളിൽ ലിംഗ നീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തണമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.തീരുമാനിച്ചതിലും ഒരുപാട് വൈകി പരിപാടികൾ നടത്താൻ പാടില്ല. സ്വാഗത പ്രാസംഗികർ കാര്യങ്ങൾ ചുരുക്കി സംസാരിക്കണം. ജാഥകളിൽ ബാനറുകളുടെ പുറകിൽ മാത്രം നടക്കണം. പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടി സംസ്കാരത്തിന് യോജിച്ചതാവണം. ദൃശ്യമാധ്യമങ്ങളോട് നേതാക്കൾ സംസാരിക്കുമ്പോൾ പുറകിൽ തിക്കുംതിരക്കും കൂട്ടരുതെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. നേരത്തെ കോഴിക്കോട് നടത്തിയ പരിപാടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിമർശനം ഉന്നയിച്ചിരുന്നു.
Leave A Comment