മുരിയാട് പഞ്ചായത്തിലും പിൻവാതിൽ നിയമന വിവാദം ; പ്രതിപക്ഷ പ്രതിഷേധം
മുരിയാട് : പിൻവാതിൽ നിയമനത്തിന് കളമൊരുക്കി കമ്മിറ്റികളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റുന്നതായി ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അങ്കണവാടികളിലേക്ക് ഹെൽപ്പർ, വർക്കർ എന്നിവരെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ കമ്മിറ്റിയിലാണ് മുഴുവൻ ഇടതുപക്ഷ അനുകൂലികളെ തീരുമാനിച്ചത്.
മുൻകാലങ്ങളിൽ ഇത്തരം കമ്മിറ്റികളിൽ പഞ്ചായത്ത് ഭരണസമിതിയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾ നിർദേശിക്കുന്നവരെ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, ഇപ്പോഴത്തെ തീരുമാനം അർഹതയില്ലാത്ത പാർട്ടി അനുഭാവികളെ തിരുകിക്കയറ്റുന്നതിന് മാത്രമാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് ആരോപിച്ചു. ഈ ഭരണസമിതി വന്നതിനുശേഷമുള്ള എല്ലാ താത്‌കാലിക നിയമനങ്ങളും പ്രസിഡന്റിന്റെ ഇഷ്ടക്കാർക്കുമാത്രമാണ് നൽകിയിട്ടുള്ളതെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇറങ്ങിപ്പോക്ക് നടത്തിയതിനുശേഷം കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, ജിനി സതീശൻ, നിത അർജുനൻ എന്നിവർ പ്രസംഗിച്ചു.
Leave A Comment