കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്ക്
ന്യൂഡെല്‍ഹി :രാജ്യത്തെ എട്ട് ദേശീയ പാർട്ടികളിൽ നാലെണ്ണത്തിൻ്റെ വരവ്-ചെലവ് റിപ്പോർട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കി. 2021-22 സാമ്പത്തിക വർഷത്തിൽ ഭരണകക്ഷിയായ ബിജെപിക്ക് 614.53 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം കോൺഗ്രസിനേക്കാൾ ആറിരട്ടി സംഭാവനയാണ് ഭാരതീയ ജനതാ പാർട്ടിക്ക് ലഭിച്ചത്. 2021-22 കാലയളവിൽ കോൺഗ്രസിന് 95.86 കോടിയും ആം ആദ്മി പാർട്ടിക്ക് 44.54 കോടിയും മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന് 43 ലക്ഷം രൂപ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ബംഗാളിൽ ടിഎംസിയുടെ എതിരാളിയും കേരളത്തിൽ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റും (സിപിഎം) 10 കോടി അഞ്ച് ലക്ഷം രൂപ സംഭാവനയായി സ്വീകരിച്ചു.
വ്യക്തിഗത ദാതാക്കളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച 20,000 രൂപയിലധികം സംഭാവനകളുടെ വാർഷിക റിപ്പോർട്ട് പാർട്ടികൾ സമർപ്പിക്കണമെന്ന് ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നു. ഇതിൽ വ്യക്തിഗതമായി 20,000 രൂപയിൽ താഴെ സംഭാവന നൽകിയവരിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ വിശദാംശങ്ങൾ പരാമർശിച്ചിട്ടില്ല.
Leave A Comment