ബന്ധുനിയമനം: സഖാക്കള്‍ ആര്‍ത്തി ഉപേക്ഷിക്കണം; തിരുത്തലുമായി സിപിഎം
തിരുവനന്തപുരം: നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്ന രീതി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖയിലാണ് പരാമര്‍ശം.
ഉത്തരവാദിത്വപ്പെട്ട ഘടകങ്ങളിലെത്തിയാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി വാങ്ങിക്കൊടുക്കുക എന്നത് ചിലര്‍ അവകാശമായി കാണുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണ്. ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കാമെന്ന മനോഭാവം ശരിയല്ലെന്നും രേഖയില്‍ പറയുന്നു.
ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുത്തെന്ന വികാരമുണ്ടാക്കും. പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയ്ക്കും ഇത് വഴിവയ്ക്കും.
സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കാനുള്ള ആര്‍ത്തി പാര്‍ട്ടി സഖാക്കള്‍ ഉപേക്ഷിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും രേഖയില്‍ പറയുന്നു.
ഡിസംബറില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിച്ച രേഖയാണ് പുറത്തുവന്നത്.
Leave A Comment