സി.പി.എം. പ്രതിരോധജാഥ ശനിയാഴ്ച തൃശൂർ ജില്ലയിലെത്തും
തൃശ്ശൂർ : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥ മൂന്നുദിവസം ജില്ലയിൽ പര്യടനം നടത്തുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെറുതുരുത്തിയിൽ ശനിയാഴ്ച ഒമ്പതിന് ജാഥയെ വരവേൽക്കും. തുടർന്ന് ചെറുതുരുത്തി സെന്ററിൽ സ്വീകരണം. 12-ന് ഓട്ടുപാറ ബസ്‌സ്റ്റാൻഡ് പരിസരത്തും മൂന്നിന് കുന്നംകുളം പഴയ ബസ്‌സ്റ്റാൻഡ് പരിസരത്തും സ്വീകരണം നൽകും. നാലിന് ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ടിലെത്തും. അഞ്ചിന് തേക്കിൻകാട് മൈതാനത്തെ സ്വീകരണത്തിനുശേഷം ആദ്യദിവസത്തെ പര്യടനം സമാപിക്കും.
ഞായറാഴ്ച 10-ന് പൂവത്തൂർ പ്രൈവറ്റ് ബസ്‌സ്റ്റാൻഡ് പരിസരത്തെ സ്വീകരണത്തിനുശേഷം 11-ന് ചേർപ്പ് മഹാത്മാ മൈതാനത്തിലെത്തും. മൂന്നിന് മതിലകം സെന്ററിലും നാലിന് മാള ടൗണിലുമാണ് സ്വീകരണം. വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് സമാപനസമ്മേളനം.
തിങ്കളാഴ്ച 10-ന് നന്തിക്കരയിലും 11-ന് ചാലക്കുടി ഇൻഡോർ സ്റ്റേഡിയം മൈതാനത്തും സ്വീകരണം നൽകും. മൂന്നോടെ പൊങ്ങത്ത് ജാഥയെ യാത്രയാക്കും. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. അബ്ദുൾഖാദർ, ടി.കെ. വാസു, യു.പി. ജോസഫ്, പി.കെ. ഡേവിസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave A Comment