രാഷ്ട്രീയം

‘ഇൻഡിഗോയുടെ നിരോധനം തെറ്റ്, ഗുണം ഉണ്ടായത് കമ്പനിക്ക്; ട്രോളന്മാർ ഭ്രാന്തന്മാർ’; ഇ പി ജയരാജൻ

കണ്ണൂർ ∙ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാന കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ കത്തയച്ചു. ഇൻഡിഗോയുടെ നിരോധനം തെറ്റാണ്, തിരുത്തണം. കോൺഗ്രസ് എംപിമാർ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നടപടികൊണ്ട് വിമാനക്കമ്പനിക്കു ഗുണമാണുണ്ടായത്. തനിക്കെതിരെ ട്രോളുണ്ടാക്കുന്നവർ ഭ്രാന്തന്മാരാണെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനാണ് ജയരാജന് ഇൻഡിഗോ വിമാനങ്ങളിൽ രാജ്യത്തിനകത്തോ പുറത്തോ യാത്ര ചെയ്യുന്നതിനു മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയത്. വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ.നവീൻകുമാർ, പി.പി.ഫർസീൻ മജീദ് എന്നിവർക്കു രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇവരുടെ അച്ചടക്കരഹിതമായ പെരുമാറ്റം 2017 ലെ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് ഉത്തരവു പ്രകാരം ലവൽ 1ൽ ഉൾപ്പെടുന്ന കുറ്റമാണ്.

യാത്രക്കാരെ കയ്യേറ്റം ചെയ്തുവെന്നത് അൽപം കൂടി ഗുരുതരമായ കുറ്റമായതിനാലാണു ജയരാജനു മൂന്നാഴ്ചത്തെ വിലക്ക്. ഇൻഡിഗോ വിലക്കിനെ ഇന്നലെ രൂക്ഷമായി വിമർശിച്ച ജയരാജൻ, താനോ കുടുംബമോ ഇനി ഒരിക്കലും ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്നു വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനം മാത്രമേ ഉള്ളൂവെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, നടന്നു പോയാലും അവരുടെ വിമാനങ്ങളിൽ കയറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave A Comment