കരുവന്നൂരിൽ നിക്ഷേപമുണ്ട്; അയർലന്റിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ല'
തൃശൂർ: അയര്‍ലന്‍റില്‍ മരിച്ച പൊറത്തിശേരി സ്വദേശി വിന്‍സന്‍റിന്‍റെ കുടുംബത്തിന് കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കണമെന്ന് ടി.എന്‍. പ്രതാപന്‍ എംപിയും ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരും ആവശ്യപ്പെട്ടു. പൊറത്തിശേരിയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.
സ്വത്ത് വിറ്റു കിട്ടിയ പണമാണ് കരുവന്നൂരില്‍ നിക്ഷേപിച്ചത്. നഴ്സായ ഭാര്യ താരയ്ക്കൊപ്പം അയര്‍ലന്‍റിലായിരുന്നു വിന്‍സന്‍റ്. രണ്ടു തവണ സ്ട്രോക്ക് വന്ന വിന്‍സന്‍റ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കുടുംബത്തിന് സാമ്പത്തിക പ്രയാസമുള്ളതിനാല്‍ കരുവന്നൂരിലെ നിക്ഷേപം മടക്കി നല്‍കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പൊറത്തിശ്ശേരി സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ വിൻസെന്റ് (72) ആണ് മരിച്ചത്. അയർലൻഡിലെ ദ്രോഗഡയിൽ കഴിഞ്ഞ ദിവസമായിരുന്നു വിൻസെന്റിന്റെ മരണം. രാജസ്ഥാനിലെ സ്വകാര്യ കമ്പനിയിലായിരുന്നു ആദ്യം വിൻസന്റ് ജോലിചെയ്തിരുന്നത്. കൊല്ലം പത്തനാപുരം സ്വദേശിയായ ഭാര്യ താര രാജസ്ഥാനിലെ ഇൻഡസ്ട്രിയൽ ആശുപത്രിയിലെ നേഴ്സായിരുന്നു.
28 വർഷത്തോളം ഇവരും കുടുംബവും അവിടെ ജീവിച്ചു.
2002ൽ വിരമിച്ചതിനു ശേഷം നാട്ടിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു സമീപം സ്ഥിരതാമസമാക്കി. ജീവിത സായാഹ്നത്തിൽ സമ്പാദ്യത്തിന്റെ പലിശ കൊണ്ട് ജീവിക്കാമെന്നു തീരുമാനിച്ച വിൻസെന്റും ഭാര്യയും അതുവരെ തങ്ങൾ സമ്പാദിച്ചതെല്ലാം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്.സിവിൽ സ്റ്റേഷനു സമീപം വിൻസെന്റ് ഒരു ഫോട്ടോസ്റ്റാറ്റ് ഷോപ്പും നടത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെ താര അയർലൻഡിൽ ജോലിക്കു പോയി. അധികം വൈകാതെ വിൻസെന്റും അയർലൻഡിലേക്കു മാറി.
കരുവന്നൂർ ബാങ്കിൽനിന്ന് ഏറെ നാളായി നിക്ഷേപത്തിന്റെ പലിശ പോലും ലഭിച്ചിരുന്നില്ല.ഇതിനിടയിൽ രണ്ടു തവണ സ്ട്രോക്ക് വന്നു. ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. വിൻസെന്റിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു സാമ്പത്തിക സഹായം അഭ്യർഥിച്ചിരിക്കുകയാണ് കുടുംബം. ഇതിനു 12 ലക്ഷം രൂപയോളം ചെലവു വരും.
Leave A Comment