പ്രധാന വാർത്തകൾ

ദേശീയപാത മിനുങ്ങുന്നു; തൃശ്ശൂര്‍,ചാലക്കുടി മണ്ഡലങ്ങളിലെ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാദനം 5ന്

തൃശൂര്‍: അഞ്ചിന് കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികളുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂര്‍ അടിപ്പാതകളും ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍, കുഴല്‍മന്ദം അടിപ്പാതകളും ചാലക്കുടി  മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴിച്ചപ്പറമ്പ് അടിപ്പാതയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. അറിയിച്ചു. 

ചടങ്ങിലേക്ക് ഈ പ്രദേശങ്ങളിലെ എം.പിമാര്‍ക്ക് പ്രത്യേക ക്ഷണം മന്ത്രിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ അടിപ്പാതകള്‍ക്ക് 209.17 കോടി രൂപയും ആലത്തൂരില്‍ 117.77 കോടി രൂപയും ചാലക്കുടിയില്‍ 149.45 കോടി രൂപയും പാലക്കാട് 49.40 കോടി രൂപയുമടക്കം ആകെ 525.79 കോടി രൂപയുടെ പദ്ധതികളാണ് ദേശീയപാത 544ല്‍ മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്രമന്ത്രിയില്‍നിന്നും ലഭിച്ചതായി ടി.എന്‍. പ്രതാപന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ടെന്‍ഡര്‍ നടപടികളുടെ പ്രഥമഘട്ടം പൂര്‍ത്തിയാക്കിയ അടിപ്പാതകളുടെ വാല്യുവേഷന്‍ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അതിന് ശേഷമായിരിക്കും നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുക. അടിപ്പാത നിര്‍മാണത്തിനായി മത്സരാടിസ്ഥാനത്തില്‍ നടന്ന ടെന്‍ഡറില്‍ ഏഴ് കമ്പനികളാണ് പങ്കെടുത്തത്. 

നിരന്തരം  പ്രദേശങ്ങളില്‍ അടിപ്പാത യാഥാര്‍ഥ്യമാക്കുന്നതിന് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നുവരികയായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുടെ അടുത്ത് നിരന്തരമായി നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് അടിപ്പാതകള്‍ക്ക് അനുമതി ലഭിച്ചതെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് പ്രത്യേകം നന്ദി അറിയിച്ച് ടി.എന്‍. പ്രതാപന്‍ എം.പി. കത്ത് നല്‍കി.

Leave A Comment