പ്രധാന വാർത്തകൾ

എച്ചിപ്പാറ തോട്ടം മേഖലയിലെ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം പടരുന്നു

പാലപ്പിള്ളി: എച്ചിപ്പാറ തോട്ടം മേഖലയിലെ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം പടരുന്നു. മുഴ പൊട്ടിയൊലിച്ച് വൃണമായ കന്നുകാലികള്‍ തോട്ടങ്ങളില്‍ അലഞ്ഞുനടക്കുന്നത് ആശങ്കക്കിടയാക്കുന്നു.1300 ലേറെ കന്നുകാലികളാണ് മേഖലയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും ഉടമസ്ഥരില്ലാതെ തോട്ടങ്ങളില്‍ അലഞ്ഞു നടക്കുന്നവയാണ്.പാലപ്പിള്ളി കുള്ളന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടന്‍ ഇനത്തില്‍പ്പെട്ട കന്നുകാലികളില്‍ വൈറസ് അതിവേഗമാണ് വ്യാപിക്കുന്നത്. 

വരന്തരപ്പിള്ളി മൃഗാശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും വാക്‌സിന്റെ ക്ഷാമം നേരിടുകയാണ്. 200 ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്. വൈറസ് ബാധിക്കാത്ത പ്രദേശങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗിച്ചു കഴിഞ്ഞതായും, കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് കുത്തിവെപ്പ് നടത്തുമെന്നും വെറ്റിനറി ഡോക്ടര്‍ ദേവി അറിയിച്ചു. 

പഞ്ചായത്തില്‍ ഇതിനോടകം നൂറിലേറെ ചര്‍മ്മമുഴ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചര്‍മ്മമുഴ രോഗത്തിന് മറ്റ് മരുന്നുകള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ആന്റിബയോട്ടിക് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഉടമസ്ഥരില്ലാതെ അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. കൂടുതലായി രോഗം ബാധിച്ച കന്നുകാലികളെ കെട്ടിയിടണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

മനുഷ്യരിലേക്ക് പകരാനിടയില്ലാത്ത ഈ വൈറസ് ഈച്ചകളിലൂടെയാണ് കന്നുകാലികളിലേക്ക് വ്യാപിക്കുന്നത്.

Leave A Comment