താനൂര്‍ ബോട്ട് അപകടം; മരണം 18 ആയി, ഇനിയും കണ്ടെത്താനുള്ളത് അഞ്ചു പേരെ
താനൂര്‍ (മലപ്പുറം): താനൂര്‍ തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ബോട്ടിലുണ്ടായിരുന്ന അഞ്ചു പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. അവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.ബോട്ടില്‍ കുടുങ്ങിക്കിടന്നവരുടെ മൃതദേഹമാണ് അവസാനമായി കണ്ടെടുത്തത്. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ പെട്ട ശിങ്കാര ബോട്ട് കരയ്ക്ക് വലിച്ച് കയറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. എന്നാല്‍ ചെളി കാരണം ബോട്ട് കരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലാണ്.
മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. താനൂരിലും പരിസര പ്രദേശങ്ങളിലും ഉള്ളവരാണ് അപകടത്തില്‍ പെട്ടത്. ഇന്നു വൈകീട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. താനൂര്‍ സ്വദേശി പാട്ടരകത്ത് നാസറിന്റെ ഉടമസ്ഥതയിലുള്ള അറ്റ്‌ലാന്റ്് എന്ന ശിങ്കാര ബോട്ടാണ് പൂരപ്പുഴയില്‍ മുങ്ങിയത്.
ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. ആറു മണിവരെയാണ് സര്‍വീസിന് അനുമതിയുണ്ടായിരുന്നത് എങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സര്‍വീസ് നടത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.
വാരാന്ത്യമായതിനാല്‍ നിരവധി സന്ദര്‍ശകരുണ്ടായിരുന്നു. അപകടത്തില്‍ പെട്ട ബോട്ടില്‍ നിരവധി കുട്ടികളുണ്ടായിരുന്നു. ഇതാണ് ദുരന്ത വ്യാപ്തി വര്‍ധിപ്പിച്ചത്. രാത്രിയും വെളിച്ചമില്ലായ്മയും രക്ഷാ പ്രവര്‍ത്തനങ്ങളെ ദുഷ്‌ക്കരമായി ബാധിച്ചിട്ടുണ്ട്.
പരിക്കേറ്റവരെയും മരിച്ചവരേയും തിരൂരിലേയും താനൂരിലേയും തിരൂരങ്ങാടിയിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളും പോലിസും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Leave A Comment