പ്രധാന വാർത്തകൾ

ഗ്രീഷ്മയ്ക്ക് തിരിച്ചടി; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പാറശാല ഷാരോൺ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ  ഹർജി തള്ളി. സുപ്രീം കോടതിയാണ് തള്ളിയത്. സംഭവം നടന്നത് തമിഴ്നാട്ടിലുള്ള വീട്ടിലാണെന്നും അതിനാൽ വിചാരണ അങ്ങോട്ടേക്ക് മാറ്റണമെന്നുമായിരുന്നു  ഹർജിയിലെ ആവശ്യം. 

കാമുകനായിരുന്ന പാറശാല  സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണ് കേസ്. ​ഗ്രീഷ്മയാണ് ഒന്നാം പ്രതി. ​ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് മറ്റു പ്രതികൾ. കഴിഞ്ഞ 25നാണ് കേസിൽ ​ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. 2022 ഒക്ടോബറിലാണ് ​ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തുന്നത്. ഒക്‌ടോബർ 14ന് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. ​ഗുരുതരാവസ്ഥയിലായ ഷാരോൺ ഒക്ടോബർ 25ന് മരിച്ചു. തുടർന്ന് നടത്തിയ  അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചതിനാൽ ബന്ധത്തിൽ പിൻമാറണമെന്നാവശ്യം നിഷേധിച്ചതിനെ തുടർന്നാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.

വിചാരണ നടക്കാനിരിക്കുന്ന കേസിൽ  കസ്‌റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും കേസ്‌ അന്വേഷണവുമായി സഹകരിച്ചതായും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട്‌ ഗ്രീഷ്‌മ നൽകിയ ഹർജി പരി​ഗണിച്ചായിരുന്നു കോടതി 25ന് ​ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15ന് സഹതടവുകാരുടെ പരാതിയെ തുടർന്ന്  മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

Leave A Comment